
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സ്ത്രീ സൗഹൃദമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ഓഫീസുകളിലെല്ലാം സാനിറ്ററി നാപ്പ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
സ്ത്രീ സൗഹൃദപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ തുടക്കം എന്ന നിലയിലാണ് പുതിയ തീരുമാനം. പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് ഇക്കാര്യം നടപ്പിൽവരുത്തുക. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നാപ്പ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും തൊഴിൽ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇത് ഒരു പരിധിവരെ സഹായകമാകുന്നതാണെന്നും അംഗീകൃത ഏജന്‍സി വഴിയോ താത്പര്യപത്രം ക്ഷണിച്ചോ ഇവ ഓഫീസുകളില്‍ സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.