electric-vehicle

പെട്രോൾ-ഡീസൽ വില ദിനംപ്രതി റെക്കോടുകൾ തകർത്ത് മുന്നേറുമ്പോൾ, വൈദ്യുത വാഹന വിപണിയിൽ ആവേശ മേറുകയാണ്. കുറവുകളേറെപ്പറയാനുണ്ടെങ്കിലും അതിനൊപ്പം നിൽക്കുന്ന ഗുണമേൻമയും കുറഞ്ഞ ചെലവും തന്നെയാണ് വൈദ്യുത വാഹനങ്ങളിലേക്ക് ജനങ്ങളെ ഇപ്പോൾ ആകർഷിക്കുന്നത്. ഇപ്പോൾ നിരത്തിലുളള വിവിധ കമ്പനികളുടെ വൈദ്യുതവാഹനങ്ങൾ നിരത്തിലോടിക്കാൻ കിലോമീറ്ററിന് ഒന്നരരൂപയിൽ താഴെ മാത്രമെ ചെലവാകു എന്നറിഞ്ഞാൽ പെട്രോളടിച്ച് പോക്കറ്റ് കാലിയാക്കുന്ന ഏതൊരുവനും മാറിചിന്തിച്ചില്ലെങ്കിലെ അത്ഭുതമുളളു.

2019 പകുതിയിൽ ഹ്യുണ്ടായ് 'കോന' എന്ന വൈദ്യുത എസ്.യു.വി. എത്തിച്ചതോടെ വൈദ്യുത വാഹന വിപണിയിലുണ്ടായ ഉണർവ് കഴിഞ്ഞ വർഷം ആദ്യം ടാറ്റയുടെ 'നെക്‌സോൺ ഇ.വി.' എത്തിയതോടെ ശക്തമായി. പിന്നാലെ, എം.ജി. മോട്ടർ 'സെഡ്എസ് ഇവി' എന്ന എസ്.യു.വിയും അവതരിപ്പിച്ചു. വിശ്വസനീയമായ ഈ മൂന്ന് മോഡലുകളാണ് വൈദ്യുത കാറുകളിലേക്ക് ഇപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കുന്നത്. ഇന്ത്യൻ നിർമിത വൈദ്യുത കാറായ നെക്‌സോൺ ഇവിയുടെ വിൽപന ഒറ്റ വർഷം കൊണ്ട് മൂവായിരത്തോളം എത്തിയെന്നതു തികച്ചും അഭിമാനകരമായ നേട്ടമാണ്. 2019ൽ ആയിരത്തോളം വൈദ്യുത കാറുകൾ മാത്രം വിറ്റ രാജ്യത്ത് കഴിഞ്ഞ വർഷം വിറ്റത് ഏകദേശം നാലായിരത്തോളം വൈദ്യുത കാറുകളാണ്. മൊത്തം കാർവിപണിയിൽ ഈ സംഖ്യ ഒട്ടും വലുതല്ലെങ്കിലും മികച്ച മോഡലുകൾ വന്നാൽ വൈദ്യുത കാർ വിപണി മുന്നേറാനുളള സാധ്യതയാണ് ഇത് തുറന്നു കാട്ടുന്നത്.

ശക്തമായ മോട്ടർ, ഫുൾ ചാർജ് ചെയ്താൽ ഒട്ടും മോശമല്ലാത്ത ദൂരം ഓടാനാകുന്ന ശേഷിയുള്ള ബാറ്ററി, അനായാസം വീട്ടിൽ ചാർജ് ചെയ്യാമെന്ന സൗകര്യം എന്നീ സങ്കേതിക മികവുകളും സാധാരണ കാറുകളിൽ കിട്ടുന്ന സൗകര്യങ്ങളൊക്കെ കിട്ടുമെന്നതും ബാറ്ററിക്കുള്ള ദീർഘകാല വാറന്റിയും ഈ മൂന്ന് മോഡലുകളിലേക്ക് വാഹനപ്രേമികളെ ആകർഷിക്കുന്നു. ഫുൾ ചാർജ് ചെയ്താൽ കോനയ്ക്ക് 452 കിലോമീറ്ററും സെഡ്എസിന് 419 കിലോമീറ്ററും നെക്‌സോണിന് 312 കിലോമീറ്ററും ഓടാനാകുമെന്നാണ് പരീക്ഷണ ഓട്ടങ്ങളിൽ തെളിഞ്ഞിട്ടുളളത്. യഥാർത്ഥ സാഹചര്യങ്ങളിൽ ഇത് 100 കിലോമീറ്റർ വരെ കുറഞ്ഞേക്കാം. എങ്കിലും ഇപ്പോഴത്തെ ഉയർന്ന വൈദ്യുത നിരക്ക് വെച്ച് കണക്ക് കൂട്ടിയാൽപ്പോലും ഒരു കിലോമീറ്റർ ഓടാൻ തുശ്ചമായ ചെലവെ ആകുകയുളളു. സങ്കീർണമായ എൻജിനും മറ്റു ഘടകങ്ങളുമൊന്നുമില്ലാത്തതിനാൽ പരിപാലനച്ചെലവും ഇലക്ട്രിക് കാറുകൾക്കു താരതമ്യേന കുറവാണ്. ചലിക്കുന്ന യന്ത്രഭാഗങ്ങൾ കുറവായതിനാൽ തേയ്മാനവും കുറവാണ്. ഒപ്പം ഓയിൽ മാറ്റം തുടങ്ങിയ പതിവു സർവീസ് ചെലവുകളും ഇല്ല.

ഇത്രയേറെ മേൻമകളുണ്ടായിട്ടും എന്തുകൊണ്ട് ഭൂരിഭാഗം പേരും വൈദ്യുത വാഹനങ്ങളിലേക്ക് മാറിയിട്ടില്ല എന്ന് ചോദിച്ചാൽ ഇവയുമായി ദീർഘയാത്ര നടത്താനുള്ള തടസങ്ങൾ മാറിയിട്ടില്ല എന്നതു തന്നെയാണ് ഉത്തരം. പെട്രോൾ-ഡീസൽ പമ്പുകൾ സുലഭമായുളളതുകൊണ്ടുതന്നെ കാറുകൾക്ക് ഇന്ധനമില്ലാതെ യാത്ര മുടങ്ങില്ല. പക്ഷേ വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകൾ വളരെ കുറവാണ്. കെ.എസ്.ഇ.ബിയും ചില സ്വകാര്യ കമ്പനികളും വൈദ്യുത കാർ വിൽക്കുന്ന കമ്പനികൾ ഷോറൂമുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ ഭൂരിപക്ഷം ഉപയോക്താക്കളും വീട്ടിൽത്തന്നെ ചാർജിംഗ് നടത്തുകയാണ്. അപ്രതീക്ഷിതമായി കൂടുതൽ ദൂരം പോകേണ്ടിവന്നാൽ ബാറ്ററി എങ്ങനെ ചാർജ് ചെയ്യും എന്ന ആശങ്കയാണ് വാഹന ഉപഭോക്താക്കളെ വൈദ്യുത കാറുകൾ ഒഴിവാക്കാൻ ഇപ്പോഴും പ്രേരിപ്പിക്കുന്നത്.