
തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പട്ടിക കൈമാറുമ്പോൾ പി.എസ്.സിക്ക് വിട്ട വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഉൾപ്പെടുത്തരുതെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിലേതടക്കമുള്ള സ്ഥിരപ്പെടുത്തൽ ഫയലുകളെത്തുന്ന സ്ഥിതിയായതോടെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്ക് ലഭിക്കേണ്ട നിയമനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ നഷ്ടമാകുന്നുവെന്ന് റാങ്ക് ജേതാക്കൾ ആരോപിക്കുന്നു. പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ നിയമനം നടക്കുന്നില്ലെന്നാരോപിച്ചാണ് റാങ്ക് ജേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി സമര രംഗത്തുള്ളത്. എന്നാൽ, സമരവുമായി ബന്ധപ്പെട്ടതൊന്നും മന്ത്രിസഭയിൽ ചർച്ചയായില്ല.