modi-

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നിലപാട് വോട്ടാക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. നരേന്ദ്രമോദിയുടെ വികസനനിലപാട്, ധീരമായ കാഴ്ചപ്പാട്, ജോലിസാദ്ധ്യതയും വികസനവും, ഭക്തി, കരുതൽ എന്നിങ്ങനെ അഞ്ചു കാര്യങ്ങൾ 'മോദി ബ്രാൻഡ്' എന്ന നിലയിൽ സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ പദ്ധതി. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിനും മാറ്റം വരുത്തും. ചെറിയ വീഡിയോകളും ചിത്രങ്ങളും പ്രചാരണത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.. മോദി സർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി സ്വന്ത പേരിൽ നടത്തുന്ന സംസ്ഥാന സർക്കാരിനെ തുറന്നു കാണിക്കണമെന്നും കേരളത്തിലെ ബി.ജെ.പി സോഷ്യൽമീഡിയ ടീമിന് നിർദേശമുണ്ട്.

സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം 17% വരെയാണെങ്കിലും സോഷ്യൽ മീഡിയയിൽ മോദിയോടുള്ള ഇഷ്ടം 40% പേരിലുമുണ്ടെന്നാണ് പാർട്ടി സർവേകളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ. ഈ കണക്കുകൾ വോട്ടാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ മുന്നിലുള്ള ലക്ഷ്യം.. മടുപ്പുവരുത്തുന്ന ട്രോളുകൾ പരമാവധി പ്രചാരണങ്ങലിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട് കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഫേസ്ബുക്ക് ലൈക്കിൽ ബിജെപിയാണ് ഇപ്പോഴും മുന്നിൽ. 6.7 ലക്ഷം ലൈക്ക്. സിപിഎമ്മിന് 5.8 ലക്ഷം ലൈക്കും കോൺഗ്രസിന് 2.7 ലക്ഷം ലൈക്കുമാണ്.

ബി.ജെ.പിയ്ക്ക് 140 നിയോജകമണ്ഡലങ്ങളായി 12,000 ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. സംഘപരിവാർ സംഘടനകളുടെതായി കേരളത്തിൽ 50,000 വാട്സാപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. ഇവയിലൂടെ സോഷ്യൽ മീഡിയാ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി