bank

ന്യൂഡൽഹി: പൂർണമായും സ്വകാര്യവത്കരിക്കാനായി കേന്ദ്രസർക്കാർ നാലു പൊതുമേഖലാ ബാങ്കുകളെ തിരഞ്ഞെടുത്തെന്ന് സൂചന. ഇടത്തരം ബാങ്കുകളായ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയാണ് കേന്ദ്ര പട്ടികയിലുള്ളതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിൽ, രണ്ടു ബാങ്കുകളെ അടുത്ത സാമ്പത്തികവർഷം (2021-22) സ്വകാര്യവത്കരിക്കും. രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നെങ്കിലും, ബാങ്കുകൾ ഏതൊക്കെയെന്ന സൂചന പുറത്തുവരുന്നത് ആദ്യമാണ്.

പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച്, വരുമാനം കണ്ടെത്തുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് ബാങ്കുകളെയും സ്വകാര്യവത്കരിക്കുന്നത്. പതിനായിരക്കണക്കിന് വരുന്ന ജീവനക്കാരിൽ നിന്നും രാഷ്‌ട്രീയ എതിരാളികളിൽ നിന്നും എതിർപ്പുണ്ടാകുമെന്ന് ഉറപ്പാണെങ്കിലും സ്വകാര്യവത്കരണവുമായി മുന്നോട്ടുപോകാൻ തന്നെയാണ് കേന്ദ്രനീക്കം.

കേന്ദ്രത്തിന്റെ കണ്ണിൽ

വലിയ ബാങ്കുകളും

തുടക്കത്തിൽ ഇടത്തരം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനാണ് ശ്രമമെങ്കിലും അവയ്ക്ക് പിന്നാലെ വലിയ പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്ന നടപടിയിലേക്കും സർക്കാർ കടന്നേക്കും. ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.