sarita-

തിരുവനന്തപുരം : സോളാർ കേസുമായി ബന്ധപ്പെട്ടുള്ള ജാമ്യ ഹർജി നൽകുന്ന ദിവസംതന്നെ പരിഗണിച്ച് തീർപ്പാക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതി സരിത നായർ ഹൈക്കോടതിയിൽ ഹർജി നൽകി. അർബുദത്തിന് ചികിത്സയിലാണെന്നും കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരിഗണിക്കണെമന്നുമാണ് ആവശ്യം.

തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 25ന് കേസ് പരിഗണിക്കുന്നുണ്ടെന്നും അന്ന് തന്നെ ജാമ്യ ഹർജികൂടി പരിഗണിക്കാൻ നിർദേശിക്കണമെന്നുമാണ് ആവശ്യം. ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് വി.ജി. അരുൺ മാറ്റി.

സോളാർ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ സരിതയോട് ഫെബ്രുവരി 11ന് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. വക്കീൽ മുഖേന അവധി അപേക്ഷനൽകിയെങ്കിലും ഇതു തള്ളി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്ന് ഹർജിയിൽ പറയുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാൽ, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പിൽനിന്ന് വ്യക്തമാകുന്നതെന്ന് കോടതി വാക്കാൽ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന് സരിതയുടെ അഭിഭാഷകനും അറിയിച്ചതോടെ ഹർജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.