kidnap

നാദാപുരം: പുലർച്ചെ പള്ളിയിലേക്ക് പോകവെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി മുടവന്തേരിയിലെ എം.പി.കെ. അഹമ്മദിനെ (53) അജ്ഞാതസംഘം ഇന്നലെ വിട്ടയച്ചു. രാത്രി എട്ടരയോടെ ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തി. പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും.

മലപ്പുറത്തെ ഏതോ ഗ്രാമത്തിൽ താമസിപ്പിച്ച തന്നെ കണ്ണ് കെട്ടി ഇന്നലെ ഉച്ചയോടെ രാമനാട്ടുകരയിൽ എത്തിക്കുകയായിരുന്നുവെന്നാണ് അഹമ്മദ് പറയുന്നത്. അവിടെ നിന്ന് ബസ് കയറി വടകര കൈനാട്ടിയിലെത്തി. ബന്ധുക്കൾ അവിടെയെത്തിയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ വീടിനടുത്തുള്ള പള്ളിയിലേക്ക് നിസ്കാരത്തിനായി സ്കൂട്ടറിൽ തിരിച്ച അഹമ്മദിനെ തടഞ്ഞുവെച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിറകെ വിദേശത്ത് നിന്നു വീട്ടുകാർക്ക് ഫോണിൽ സന്ദേശവുമെത്തി.