
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്‌ടാഗില്ലാതെ എത്തിയ വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇന്നു മുതല്‍ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിഞ്ഞിരുന്നില്ലെന്നാണ് മിക്കവരും പറയുന്നത്.
കുമ്പളത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. അതേസമയം, ഫാസ്ടാഗില്ലാത്ത കെ എസ് ആർ ടി സിയ്ക്ക് ടോള്‍ ബൂത്തുകളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കുശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്നു പുലർച്ചെ മുതലാണ് ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ടോൾ പ്ലാസയിലെത്തുന്നതിന് 30 മിനുട്ട് മുമ്പേ ഫാസ്‌ടാഗുകൾക്ക് ചാർജ്ജുണ്ടോ എന്നുറപ്പുവരുത്തണം. ടാഗ് പ്രവർത്തനരഹിതമാണെങ്കിലും ഇരട്ടിതുക പിഴ അടയ്ക്കേണ്ടി വരും. ജനുവരി ഒന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് നീട്ടുകയായിരുന്നു.