
ആലപ്പുഴ: യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്ക് രൂപീകരിച്ചത് തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണത്. കേരള ബാങ്കിലെ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യോഗാർത്ഥികൾ യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാർഷ്‌ട്യമാണ്. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഒഴിവുകൾ നികത്തുന്നത് ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തും. സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് 'കമൽ മാനദണ്ഡം' ആണ്. ആറുമാസം കൊണ്ട് 1659 പേരെ 'കമൽ മാനദണ്ഡം' പ്രകാരം സ്ഥിരപ്പെടുത്തിയതായും ചെന്നിത്തല പരിഹസിച്ചു.
പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർപ്പാക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടി കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റിൽപ്പെട്ടവർ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതിൽ വസ്‌തുതയുണ്ട്. ഇതിന് ഉദാഹരണമാണ് സി പി ഒമാരുടെ റാങ്ക് ലിസ്റ്റ്.
യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികൾ ഇടംപിടിച്ചതിന് പിന്നാലെയാണ് പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്. ടൂൾകിറ്റ് കേസിൽ യുവാക്കളെ ജയിലിൽ അടയ്‌ക്കുന്നത് പ്രതിഷേധാർഹമാണ്. കേന്ദ്രസർക്കാർ ഇതിൽ നിന്നും പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.