kamal

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ 25,000 രൂപ നൽകി അപേക്ഷ വാങ്ങി പൂരിപ്പിച്ച് നൽകിക്കോളൂ. 90 ശതമാനും ടിക്കറ്റ് ലഭിക്കും. നാളെമുതൽ ഈമാസം 24വരെയാണ് അപേക്ഷ നൽകാനുള്ള സമയം. തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡി എം കെയാണ് സ്ഥാനാർത്ഥിമോഹികളിൽ നിന്ന് ആപ്ളിക്കേഷൻ സ്വീകരിക്കുന്നത്.

ജനറൽ സീറ്റുകളിലെ ഒരു അപേക്ഷകൻ 25,000 രൂപയാണ് നൽകേണ്ടതെങ്കിലും സ്ത്രീകൾക്കും സംവരണ വിഭാഗത്തിലുളളവർക്കും ഇളവുണ്ട്. ഇവർക്ക് 15,000 രൂപ നൽകിയാൽ മാത്രം മതി. ഇപ്പോൾ ഡി എം കെ മത്സരിക്കുന്ന സീറ്റുകളിൽ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. സീറ്റുവിഭജന ചർച്ച പൂർത്തിയാകുമ്പോൾ ഇതിൽ ഏതെങ്കിലും സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകുകയാണെങ്കിൽ അവിടെ അപേക്ഷിച്ചവർക്ക് പണം മടക്കിനൽകുമെന്ന് ഡി എം കെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ പറഞ്ഞു. ഡി എം കെയുടെ പ്രധാന സഖ്യകക്ഷി കോൺഗ്രസാണ്.

ഡി എം കെയ്ക്കൊപ്പം ഭരണ കക്ഷിയായ എ ഐ എ ഡി എം കെയും കമലഹാസന്റെ രാഷ്ട്രീയപാർട്ടിയായ മക്കൾ നീതി മയ്യവും അപേക്ഷ വാങ്ങാനുളള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ 15,000 രൂപയും പുതുച്ചേരിയിൽ 5000 രൂപയുമാണ് നൽകേണ്ടത്. കേരളത്തിൽ നിയമസഭയിലേക്ക് മത്സരിക്കുന്നവർക്കും അപേക്ഷ നൽകാം. ഈ മാസം 25 മുതൽ അടുത്തമാസം അഞ്ചുവരെയാണ് എ ഐ എ ഡി എം കെ അപേക്ഷ സ്വീകരിക്കുന്നത്.

കമലിന്റെ പാർട്ടി ഒരു അപേക്ഷകനിൽ നിന്ന് 25,000 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഏതെങ്കിലും കാരണവശാൽ സീറ്റ് ലഭിച്ചില്ലെങ്കിൽ വാങ്ങിയ തുക തിരികെ നൽകില്ല. പാർട്ടിയുടെ പ്രവർത്തന മൂലധനമായി ഇത് മാറ്റുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.