
പത്തനംതിട്ട : നല്ല ഭംഗിയും പച്ചപ്പുമുള്ള പത്തനംതിട്ടയോട് മുമ്പേ ഇഷ്ടമാണ്. ജില്ലയുടെ പ്രത്യേകത തന്നെ ഈ പ്രകൃതിയാണ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ചാർജെടുത്ത ആർ. നിശാന്തിനി ഐ.പി.എസ് പറയുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ് ജില്ലാ പൊലീസ് മേധാവിയായി ഒരു വനിത എത്തുന്നത്. 1996 മുതൽ 1998 വരെ ശ്രീലേഖ ഐ.പി.സ് ജില്ലയുടെ പൊലീസ് മേധാവിയായിരുന്നു.
മൂന്ന് ദിവസമായി ചാർജെടുത്തിട്ടെങ്കിലും മീറ്റിംഗുകളുടെയൊക്കെ തിരക്കൊഴിഞ്ഞ് ഇന്നലെയാണ് ജില്ലയിലെത്തുന്നത്. തൃശ്ശൂരിൽ സെക്യുരിറ്റി ജീവനക്കാരനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ (ചന്ദ്രബോസ് വധം) കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു. വാളയാർ കേസ് അന്വേഷണവും നിശാന്തിനിക്കാണ്. മുപ്പത്തൊൻപത് കാരിയായ നിശാന്തിനി 25 ാം വയസിലാണ് സർവീസിലെത്തുന്നത്.
കേരളത്തോടേറെയിഷ്ടം
കരിയറിന്റെ തുടക്കം മുതൽ കേരളാ കേഡറിലാണ് ജോലി ചെയ്യുന്നത്. മിക്ക ജില്ലകളിലും ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. തമിഴ്നാടിനെ അപേക്ഷിച്ച് നല്ല വൃത്തിയുള്ള സ്ഥലമാണ് കേരളം. പ്രകൃതിയോടടുത്ത സ്ഥലമാണെന്ന് തോന്നാറുണ്ടിവിടം.
പത്തനംതിട്ട ശാന്തമാണ്
നല്ല ശാന്തമായ സ്ഥലമാണ് പത്തനംതിട്ട. ഇടയ്ക്ക് ശബരിമല പ്രശ്നം ഉണ്ടായതൊഴിച്ചാൽ മറ്റ് വലിയ പ്രശ്നങ്ങളൊന്നും ഇവിടില്ല. 2010, 2011വർഷങ്ങളിൽ പമ്പാ എ.എസ്.ഒ ആയി ജോലി ചെയ്തിട്ടുണ്ട്. അത് കൊണ്ട് പത്തനംതിട്ടയെ കുറച്ചൊക്കെ അറിയാം. ക്രമസമധാനം പാലിക്കപ്പെടുന്ന സ്ഥലമായിട്ടാണ് ഇതുവരെ തോന്നിയിട്ടുള്ളത്.
അയ്യപ്പ വിശ്വാസിയാണ്
ശബരിമല അയ്യപ്പനെ വിശ്വാസമാണ്. അയ്യപ്പന്റെ നാട്ടിൽ ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ട്.
കേസുകൾക്ക് ആൺ, പെൺ വ്യത്യാസമില്ല.കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ആൺപെൺ വ്യത്യാസം നോക്കാറില്ല. എല്ലാവർക്കും അർഹിക്കുന്ന പരിഗണനയുണ്ട്. എന്നിരുന്നാലും സ്ത്രികൾക്കും കുട്ടികൾക്കും കൂടുതൽ മുൻതൂക്കം നൽകും. ചില കേസുകളിൽ അത് അത്യാവശ്യമാണ്.
കൊവിഡ് സാഹചര്യം പരിശോധിക്കും
ജില്ലയിലെ കൊവിഡ് പ്രതിസന്ധിയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം. നിലവിൽ തിരഞ്ഞെടുപ്പിന്റെ തിരക്കാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ വലിയ തിരക്കൊന്നും നിലവിൽ കണ്ടെത്താനായിട്ടില്ല.
കുടുംബം ,സ്വദേശം
തമിഴ്നാട്ടിലെ തൃച്ചിയാണ് സ്വദേശം. വെൺപ, മിഥിലൻ എന്നിവരാണ് മക്കൾ. ഭർത്താവ് എം.ജി രാജമാണിക്യം. കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡിയാണ്.