building-tax

തിരുവനന്തപുരം: നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും കെട്ടിട നികുതി വർദ്ധിപ്പിക്കാനുളള നീക്കത്തിൽ സംസ്ഥാന സർക്കാരിന് പുനർചിന്തനം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനം തിരിച്ചടിയാകുമെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നത്.

നികുതി കുത്തനെ വർദ്ധിപ്പിക്കുന്നതാണ് ഉത്തരവെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ തന്നെ അഭിപ്രായം. ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം കൂടി മാനദണ്ഡത്തിൽ ഉൾപ്പെടുത്തി കെട്ടിട നികുതി നിശ്ചയിക്കാനും ഇതുപ്രകാരമുളള വർദ്ധനയുടെ തോതുമാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലുളളത്. എന്നാൽ നികുതി വർദ്ധന ഉദ്ദേശിച്ചിരുന്നില്ലെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താനുളള കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളുടെ ഭാഗമായി ഭൂമിയുടെ ന്യായവില കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തികനഷ്‌ടം നേരിടാൻ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം കൂട്ടാൻ അനുവദിക്കാമെന്നാണു കേന്ദ്രം അറിയിച്ചത്. ഇതിനായി, നഗരമേഖലയിലെ തദ്ദേശസ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുളള തീരുമാനം.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീടുകൾ, വാണിജ്യ–വ്യവസായ കെട്ടിടങ്ങൾ, മൊബൈൽ ടവർ, മാളുകളും സൂപ്പർ മാർക്കറ്റും, തിയേറ്ററുകൾ തുടങ്ങിയവയുടെ വിസ്തീർണവും ഇവ നിൽക്കുന്ന ഭൂമിയുടെ ന്യായവിലയും അടിസ്ഥാനമാക്കി 16 ഇനങ്ങളിലായി നികുതി വർദ്ധനയുടെ വിവിധ സ്ലാബുകൾ ഉൾപ്പെടുത്തിയിരുന്നു. ഇതുപ്രകാരം വീടുകളുടെ അടിസ്ഥാന വസ്തുനികുതിയിൽ ചതുരശ്ര മീറ്ററിന് 6 മുതൽ 14 വരെ രൂപയാണ് വർദ്ധിപ്പിച്ചത്.

വാണിജ്യ കെട്ടിടങ്ങൾക്ക് 40 മുതൽ 150 രൂപ വരെയും മൊബൈൽ ടവറുകൾക്ക് 500 മുതൽ 600 രൂപയും അടിസ്ഥാനനികുതി കൂട്ടിയായിരുന്നു ഉത്തരവ്. ഇതിൽ സേവന നികുതിയും ലൈബ്രറി സെസും മറ്റും ചേർത്താണ് നികുതി കണക്കാക്കാൻ ഉദ്ദേശിച്ചത്. പുതിയ മാനദണ്ഡപ്രകാരമുളള നികുതി നിരക്കുകൾ നിലവിൽ വന്ന ശേഷം തുടർന്നുളള ഓരോ വർഷവും നികുതി അഞ്ച് ശതമാനം വരെ വർദ്ധിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

നികുതി വർദ്ധനയ്‌ക്കായി തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയാൽ മാത്രം മതിയാകില്ലെന്നും മുൻസിപ്പാലിറ്റി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളിൽ ഭേദഗതി ആവശ്യമാണെന്നതും സർക്കാർ കരുതുന്നു. ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലടക്കം ഇക്കാര്യം ചർച്ചയായിരുന്നു. തുടർന്നാണ് കെട്ടിട നികുതി വർദ്ധിപ്പിക്കാനുളള നീക്കത്തിൽ നിന്ന് സർക്കാർ മാറി ചിന്തിക്കുന്നത്.