sunnyleone

കൊച്ചി: വഞ്ചനാകേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുളള അന്വേഷണം ക്രൈംബ്രാഞ്ച് കൂടുതൽ ശക്തമാക്കി. നടിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പരാതിക്കാരനായ ഷിയാസ് നടിക്ക് 25ലക്ഷം രൂപ നൽകിയതിനുളള തെളിവ് സംഘത്തിന് ലഭിച്ചു. സണ്ണിലിയാേണിന്റെ മുംബയ് സിറ്റിബാങ്കിലെ അക്കൗണ്ട് രേഖകളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ശക്തമായ കൂടുതൽ തെളിവുകൾ കിട്ടിയ സാഹചര്യത്തിൽ നടിയെ വീണ്ടും ചോദ്യംചെയ്തേക്കുമെന്നാണ് അറിയുന്നത്. നേരത്തേ നടി​ക്കെതി​രെ വ്യക്തമായ തെളി​വി​ല്ലെന്നായി​രുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്.

കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണിനെതിരെയുളള കേസ്. ബഹ്റിനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 16 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരൻ പിന്നീട് ഉന്നയിച്ചു. തനിക്ക് ഒന്നരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും ചെയ്യുന്നുണ്ട്.

പരാതിയെ തുടർന്ന് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനപൂവർമായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തോട് നടി പറഞ്ഞത്. ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയെന്നും എന്നാല്‍ ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് കൊച്ചി​ യൂണി​റ്റാണ് നടി​യെ ചോദ്യം ചെയ്തത്.