mohanlal

മമ്മൂട്ടിയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ഒറ്റവാക്കിൽ മറുപടി നൽകി മോഹൻലാൽ. പുതിയ ചിത്രമായ ദൃശ്യം 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ലൈവ് ചാറ്റിനിടെയായിരുന്നു 'ഇച്ചാക്കയെക്കുറിച്ചുള്ള' ആരാധകന്റെ ചോദ്യം. ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവചിക്കാമോ എന്നായിരുന്നു ചോദ്യം. ഇതിന് മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

'കിടു' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഇതുകൂടാതെ 'ബറോസ് എന്ന് തുടങ്ങും', ജഗതി ചേട്ടനെക്കുറിച്ച് ഒരു വാക്ക് പറയാമോ?, ദൃശ്യം 2 ഞെട്ടിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങളും ആരാധകർ ചോദിച്ചിരുന്നു. ഇതിനെല്ലാം അദ്ദേഹം മറുപടിയും നൽകി.

ബറോസ് മാർച്ചിൽ തുടങ്ങുമെന്ന് മോഹൻലാൽ അറിയിച്ചു. നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് 'കംപ്ലീറ്റ് ആക്ടർ' എന്നായിരുന്നു താരത്തിന്റെ മറുപടി. ദൃശ്യം 2 ഞെട്ടിക്കുമോ എന്ന ആരാധകന്റെ സംശയത്തിന് സിനിമ കാണൂ എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.

'ഡയറക്ടർ എന്ന നിലയിൽ പൃഥ്വിരാജിനെക്കുറിച്ച് ഒരു വാക്ക്' എന്ന ചോദ്യത്തിന് ബ്രില്യന്റ് എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഇഷ്ടപ്പെട്ട കാർട്ടൂൺ ബോബനും മോളിയാണെന്നും അദ്ദേഹം പറഞ്ഞു.