jaick-c-thomas-

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് തലവേദനയായി സെക്രട്ടേറിയേറ്റ് പടിക്കൽ പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. സമരത്തിന് പിന്തുണയായി പ്രതിപക്ഷ യുവജന സംഘടനകൾ കൂടി വന്നതോടെ ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലേക്ക് സി പി എം നേതാക്കൾ മാറിയിരുന്നു. താത്കാലിക ജീവനക്കാരെ വിവിധ ഇടങ്ങളിൽ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ തീരുമാനം കൂടി പുറത്ത് വന്നതോടെയാണ് സമരത്തിന് തീഷ്ണത കൂടിയത്. റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ചാനൽ ചർച്ചയ്ക്കിടെ ഉയർത്തിയ ഡി വൈ എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസിനെ ചോദ്യം ചെയ്തുകൊണ്ട് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ലയയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണിപ്പോൾ.

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്തവരുമായി ഡി വൈ എഫ് ഐ മുൻകൈ എടുത്ത് ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതു പരാജയപ്പെട്ടതോടെയാണ് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ സമരക്കാരുമായി ചേർന്ന് പ്രതിഷേധം കടുപ്പിച്ചത്. ഇതിന്റെ ഫലമായി യൂത്ത് കോൺഗ്രസ് നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്. സമരക്കാരും പ്രതിപക്ഷ സംഘടനകളും കൂട്ടുചേർന്ന് പ്രതിഷേധം നടത്തുന്നത് ചൂണ്ടിക്കാണിച്ച ജെയ്ക്കിനോട്, കഴിഞ്ഞ രണ്ടരവർഷമായി തങ്ങൾ നിരവധി തവണ പരാതിയും നിവേദനങ്ങളുമായി താങ്കൾ ഉൾപ്പടെയുള്ള നേതാക്കളെ കാണാനെത്തിയെന്നും എന്താണ് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിങ്ങൾ ചെയ്തതെന്ന് ഇവിടെ പറയാനാവുമോ എന്ന നേരിട്ടുള്ള ചോദ്യം ലയ ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇതിന് മറുപടിയായി ഉദ്യോഗാർത്ഥികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്ന് ജെയ്ക്ക് സമ്മതിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയതെന്ന് ഡി വൈ എഫ് ഐ നേതാവ് പറഞ്ഞപ്പോൾ കാലാവധി നീട്ടുന്നത് മാത്രമല്ല റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾക്ക് വേഗത പോര എന്ന പരാതിയാണ് തങ്ങൾ പ്രധാനമായും അന്ന് ഉന്നയിച്ചതെന്ന് ലയ തിരിച്ചടിക്കുകയായിരുന്നു.

തുടർന്ന് സംസാരിച്ച ജെയ്ക് നിയമനങ്ങൾക്ക് വേഗത പോര എന്ന ലയയുടെ പരാതി വി എസ് സർക്കാരിന്റെ നിയമനവുമായി ചേർത്തുവച്ചാൽ ശരിയാണെന്ന് സമ്മതിച്ചു, എന്നാൽ നിയമനം കുറയാൻ കാരണം കഴിഞ്ഞ യു ഡി എഫ് സർക്കാർ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസിൽ നിന്നും പത്താം ക്ലാസായി ഉയർത്തിയത് കാരണമാണെന്ന് ആരോപിച്ചു. ഇത് മനസിലാക്കാതെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് സമരം നടത്തുന്നതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇതേ തുടർന്ന് സമരക്കാർക്ക് യു ഡി എഫ് എന്നോ എൽ ഡി എഫ് എന്നോ ഇല്ലെന്നും ജോലിയാണ് തങ്ങളുടെ പ്രശ്നമെന്നു ലയ തിരിച്ചടിക്കുകയായിരുന്നു.