p-k-kunhalikutty

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റിൽ എം പി അബ്‌ദു സമദ് സമദാനി മത്സരിച്ചേക്കും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടത്തണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരുന്നു. അധിക ചെലവ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നത്. ഈ മാസം അവസാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് ഒപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയേയും ലീഗ് പ്രഖ്യാപിക്കും.

മലപ്പുറം സീറ്റിൽ നിരവധി പേരുകളാണ് മുസ്ലിം ലീഗ് പരിഗണിച്ചിരുന്നത്. ദേശീയ സെക്രട്ടറി സിറാജ് സേട്ട്, മണ്ണാർക്കാട് എം എൽ എ എൻ ഷംസുദ്ദീൻ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ എന്നിവരുടെ പേരുകളും മുസ്ലീം ലീഗിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അബ്ദു സമദ് സമദാനിയെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിൽ ധാരണയായത് എന്നാണ് വിവരം.

പാർലമെന്റിൽ നേരത്തെയുളള മുൻപരിചയമാണ് സമദാനിയെ പരിഗണിക്കാൻ ഒരു കാരണം. അദ്ദേഹത്തിന് ദേശീയ തലത്തിലുളള ബന്ധങ്ങളും ഭാഷാ പരിജ്ഞാനവും ഗുണമാകുമെന്നും മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നു. പാണക്കാട് കുടുംബത്തിനും സമദാനി മത്സരിക്കണമെന്നാണ് താത്പര്യം. അതേസമയം, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ പി വി അബ്‌ദുൽ വഹാബ് എം പി തന്നെ മത്സരിക്കും. നേരത്തെ അദ്ദേഹം ഏറനാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വഹാബ് ദേശീയ തലത്തിൽ തന്നെ തുടരട്ടെയെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.