ins-karanj

ന്യൂഡൽഹി: ഇന്ത്യയുടെ നാവികസേനയിൽ ഇനി കരൺജിന്റെ കരുത്തും. രണ്ട് വർഷത്തെ ട്രയൽ റണിന് ശേഷം സ്‌കോർപിയൺ ക്ളാസ് വിഭാഗത്തിൽ പെട്ട മൂന്നാമത് അന്തർവാഹിനിയായ 'ഐഎൻഎസ് കരൺജ്' തിങ്കളാഴ്‌ച ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുംബയിലെ മസഗോൻ ഡോക് ലിമി‌റ്റഡ്(എംഡിഎൽ)​ ആണ് അന്തർവാഹിനി നിർമ്മിച്ചത്.

മൊത്തം ആറ് സ്‌കോർപിയൻ ക്ളാസ് അന്തർവാഹിനികളാണ് ഇന്ത്യയിൽ നിർമ്മിക്കുക. ഇവയിൽ മൂന്നാമത്തേതാണ് കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്‌ത കരൺജ്. ഫ്രഞ്ച് കമ്പനിയുമായി ചേർന്നുള‌ള എം.ഡി.എല്ലിന്റെ നിർ‌മ്മാണസംരംഭമായ പ്രൊജക്‌ട്-75ലാണ് ഡീസൽ-ഇലക്‌ട്രിക് ശക്തിയുള‌ള യുദ്ധമുഖത്ത് പതിഞ്ഞിരുന്ന് ഉഗ്രപ്രഹരശേഷി നൽകാൻ കഴിവുള‌ള കരൺജ് നിർമ്മിച്ചിരിക്കുന്നത്.

എംഡിഎൽ നിർമ്മിക്കുന്ന ആദ്യ സ്‌കോർപിയൺ ക്ളാസ് അന്തർവാഹിനിയായ ഐഎൻഎസ് കാൽവരി 2015 ഒക്‌ടോബറിലാണ് പുറത്തിറക്കിയത്. രണ്ട് വർഷത്തെ ട്രയൽ ഓട്ടത്തിന് ശേഷം 2017 ഡിസംബറിൽ കാൽവരി കമ്മീഷൻ ചെയ്‌തു. 2017 ജനുവരിയിൽ നീ‌റ്റിലിറക്കിയ രണ്ടാമത് അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി 2019 സെപ്‌തംബറിൽ കമ്മീഷൻ ചെയ്‌തു. 2019 മേയിൽ പുറത്തിറക്കിയ ഐഎൻഎസ് വേലയുടെ ട്രയൽ റൺ നടക്കുകയാണ്. 2020 നവംബറിൽ പുറത്തിറക്കിയ ഐഎൻഎസ് വാഗിറും ഇപ്പോൾ ട്രയൽ റൺ നടത്തുകയാണ്. ആറാമത് അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീർ നിർമ്മാണത്തിലാണ്.

നിരവധി പ്രധാന ദൗത്യങ്ങൾ അനായാസമായി നിർവഹിക്കാൻ സാധിക്കുന്ന അന്തർവാഹിനികളാണ് സ്‌കോർപിയൻ വിഭാഗത്തിൽ പെട്ടവ. യുദ്ധമുഖത്ത് കടലിനു മുകളിലുള‌ളവയെയും ശത്രുരാജ്യങ്ങളുടെയും അന്തർവാഹിനികളെ തകർക്കാൻ കഴിയും. നിരീക്ഷണത്തിനും മൈനുകൾ സ്ഥാപിക്കാനും ഇവയെ ഉപയോഗിക്കാം. കുറഞ്ഞ വികിരണശബ്‌ദ നിലയുള‌ളതും വെള‌ളത്തിൽ എളുപ്പം സഞ്ചരിക്കാവുന്ന ആകൃതിയും ശത്രുക്കളുടെ മേൽ ആക്രമണത്തിനും കുറഞ്ഞ ശബ്ദവും ഇവയുടെ പ്രത്യേകതയാണ്. കപ്പലുകളെ തകർക്കുന്ന മിസൈലുകളും ടോർപിഡോകളും ഇവയിൽ നിന്ന് ലക്ഷ്യം തെ‌റ്റാതെ അയക്കാനാകും.

1992ലും 94ലും മസഗോനിൽ നിന്ന് നിർമ്മിച്ച് നൽകിയ അന്തർവാഹിനികൾ 25 വർഷങ്ങൾക്കിപ്പുറവും ശക്തമായി നാവികസേനയിൽ സേവനം തുടരുകയാണ്. രാജ്യത്ത് തന്നെ നിർമ്മിക്കുന്നതിനാൽ ഇവയ്‌ക്ക് മികച്ച സൗകര്യങ്ങൾക്കൊപ്പം വിലയിലും കുറവുണ്ട്. അന്തർവാഹിനികൾ മാത്രമല്ല എംഡിഎലിൽ നിന്ന് ഇടത്തരം നാവിക കപ്പലുകളും മിസൈൽ ബോട്ടുകളും നിർമ്മിച്ച് സേനയ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ ആത്മനിർഭർ ഭാരതിന് മികച്ച പിന്തുണയാണ് എംഡിഎലിൽ നിന്നും ലഭിക്കുന്നത്.