sandeepananda-giri

തൃശൂർ : 2019ലെ കേരള സാഹിത്യ അക്കാഡമി അവാർഡുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലിനാണു പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനത്ത് ഏറെ വിവാദമായ നോവലായിരുന്നു മീശ. ഹിന്ദുക്കളുടെ ജീവിതത്തേയും വിശ്വാസത്തേയും അവഹേളിക്കുന്നു എന്ന് ആരോപിച്ച് ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നിരവധി ഹിന്ദു സംഘടനകളും ഈ നോവലിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ അതേ നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചതോടെ പ്രതിഷേധക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

നോവലിന് കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം നൽകുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചത്. അതേസമയം സാഹിത്യ അക്കാഡമി പുറത്ത് വിട്ട അവാർഡ് നേടിയവരുടെ പട്ടികയിൽ സന്ദീപാനന്ദ ഗിരിയും ഇടം പിടിച്ചു. കെ.ആർ നമ്പൂതിരി അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. അതേസമയം അവാർഡ് നിർണയത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിവാദങ്ങൾ ഉയരവേ പുരസ്‌കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാഡമി അദ്ധ്യക്ഷൻ വൈശാഖൻ അറിയിച്ചു. സാഹിത്യത്തെ സാഹിത്യമായി കാണണമെന്നും നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അവാർഡിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് നടക്കുന്നതെന്നും സാഹിത്യ അക്കാഡമി ഒരു മതേതര സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.