
പുതുച്ചേരി: ഒരു എംഎൽഎ കൂടെ രാജിവച്ചതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുളള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ.ജോൺകുമാർ ആണ് പിന്തുണ പിൻവലിച്ചത്. സർക്കാരിൽ വിശ്വാസം നഷ്‌ടപ്പെട്ടതായി ജോൺകുമാർ അറിയിച്ചു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന. വലിയ ജനപിന്തുണയുളള നേതാവാണ് ജോൺകുമാർ.
ആകെ 33 സാമാജികരുളള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം.ആരോഗ്യമന്ത്രി മല്ലവി കൃഷ്‌ണറാവു ഉൾപ്പടെ നാല് എംഎൽഎമാർ ഇതിനകം നാരായണസ്വാമി സർക്കാരിനുളള പിന്തുണ പിൻവലിച്ച് രാജിവച്ചു. പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ഇപ്പോൾ നാരായണസ്വാമിയെ പിന്തുണക്കുന്നത്. പ്രതിപക്ഷമായ എൻ.ആർ കോൺഗ്രസ്-എഡിഎംകെ സഖ്യത്തിൽ 14 എംഎൽഎമാരാണുളളത്.
ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോൾ 14 വീതം സീറ്റുകളായതോടെ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കുമെന്ന് എൻ.ആർ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ആർ രംഗസ്വാമി അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാരായണസ്വാമിയുമായി കോൺഗ്രസ് അംഗങ്ങൾ മുൻപ് തന്നെ അഭിപ്രായഭിന്നതയിലായിരുന്നു. സീറ്റ് വിഭജനത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നായിരുന്നു ഇവരുടെ വാദം. വിമത നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. എന്നാൽ പോയ എംഎൽഎമാർ തിരിച്ച് വരുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി നാരായണസ്വാമി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാകാൻ ചരടുവലി നടത്തിയ നമശിവായമാണ് സർക്കാരിനെതിരെ വിമത നീക്കം നടത്തുന്നത് എന്നാണ് ആരോപണം.