
എങ്ങനെയാണ് കാലാതീതമായി ഈ നാമം നിലനിൽക്കുന്നത്?  ഈ ചോദ്യം പലപ്പോഴും മനസിൽ നിറഞ്ഞിരുന്നു. അത്ഭുതമെന്ന് പറയട്ടെ അഗസ്ത്യനെക്കുറിച്ചുള്ള ഉത്തരങ്ങൾ മനസിൽ വന്ന്  നിറഞ്ഞുകൊണ്ടിരുന്നു. ഓരോ അഗസ്ത്യകൂട സന്ദർശനവും നിരവധി ഉത്തരങ്ങൾ നൽകുകയാണ്...
വീണ്ടും  ഒരു അഗസ്ത്യായനം കഴിഞ്ഞു. ഇത് ഇരുപത്തിനാലാം തവണ. ഓരോ വർഷം കടന്നുപോകുമ്പോഴും അഗസ്ത്യപർവതം ഹൃദയത്തോട് സംവദിക്കും, മാതൃവാത്സല്യത്തോടെ സ്വാഗതം ചെയ്യും. അപ്പോൾ മനസ് തുടികൊട്ടും, അഗസ്ത്യദർശനത്തിനായി അവിടെ തീർത്ഥയാത്ര ആരംഭിക്കുകയായി. നമ്മൾ പോലും അറിയാതെ. പതിവുപോലെ ഇത്തവണയും അഗസ്ത്യകളരിയിലെ പതിനഞ്ചംഗ സംഘം ഒപ്പമുണ്ട്.
ബോണക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഇരുപത്തിയാറ് കിലോമീറ്റർ കാൽനടയാത്ര വേണം അഗസ്ത്യമകുടത്തിലെത്താൻ. കരമനയാറും വാഴപ്പീന്തിയും അട്ടയാറും പുൽമേടുകളും താണ്ടി അതിരുമലയിൽ ആദ്യദിനം വിശ്രമം. രണ്ടാം ദിനത്തിൽ കഠിനമായ മലകയറ്റം. പാറവഴികളിലൂടെ ഈറക്കാട്ടിലൂടെ മേഘങ്ങൾക്ക് മുകളിലേക്ക് നടന്നു കയറിയാൽ ഗിരിമകുടത്തിൽ അഗസ്ത്യദർശനം. അഭൗമസൗന്ദര്യം നിറഞ്ഞ പർവതരാജൻ മേഘങ്ങൾക്ക് അപ്പുറം തലയുയർത്തി നിൽക്കുന്നു, യുഗങ്ങളുടെ ചരിത്രനിയോഗങ്ങളുമായി. സ്വപ്ന സദൃശ്യമായ വന്യമനോഹാരിതയുടെ പർവതം തന്നെയാണ് അഗസ്ത്യാർ കൂടം. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലാണ് പശ്ചിമഘട്ടമലനിരകളിൽ ഈ പർവതം നിൽക്കുന്നത്. തമിഴ് ഭാഷയുടെ പിതാവും സിദ്ധപരമ്പരയുടെയും പരമഗുരുവുമായ അഗസ്ത്യ ഋഷിയുടെ പൂങ്കാവനം 2016 മാർച്ച് 19ന് യുനസ്കോ അഗസ്ത്യപർവതത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു. അനിതരസാധാരണമായ ജൈവവൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ് ഈ വനനിരയെന്ന് തിരിച്ചറിയാൻ ഒരുതവണത്തെ യാത്ര തന്നെ ധാരാളം.
പ്രധാനനദികളായ കരമനയാർ, നെയ്യാർ, തിരുനെൽവേലിയിലേക്കൊഴുകുന്ന താമരഭരണി  എന്നിവയുടെ ഉത്ഭവസ്ഥാനം കൂടിയാണിവിടം. അപൂർവമായ 300ലധികം പക്ഷികളും 2000ലധികം ഔഷധസസ്യങ്ങളും പാഫിയോ പെഡിലം ഡ്രൂറി എന്ന ഒരപൂർവ ഇനം ഓർക്കിഡും അഗസ്ത്യമലയ്ക്ക് മാത്രം അവകാശപ്പെട്ടത്. ചെന്തുരണി, പേപ്പാറ, നെയ്യാർ, കളക്കാട് വന്യജീവിസങ്കേതങ്ങൾ ഒത്തുചേർന്ന് അതിമനോഹരവും സമൃദ്ധവുമായ ആവാസവ്യവസ്ഥ. വംശനാശ ഭീഷണിനേരിടുന്ന 50ൽപ്പരം വന്യജീവികൾ  ഈ വനത്തിലുണ്ട്. കടുവയും ആനയും പുലിയുമെല്ലാം വിഹരിക്കുന്ന വനസമൃദ്ധി. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ആദിവാസി സമൂഹമെന്ന് അറിയപ്പെടുന്ന കാണിക്കാർ അഗസ്ത്യവന മേഖലയുടെ മക്കളാണ്. 1850ൽ അതിരുമലയിൽ സ്ഥാപിതമായ വാനനിരീക്ഷണ കേന്ദ്രം ഉൾപ്പെടെ അഗസ്ത്യപർവതത്തെ പറ്റി പറയാൻ വാക്കുകൾ ഏറെയാണ്.
ആരാണ് അഗസ്ത്യൻ
മഹാസിദ്ധ പാരമ്പര്യത്തിൽ അഭിസിദ്ധരാണ് അഗസ്ത്യർ. ഭാരതീയ ചിന്തകളിൽ അഗസ്ത്യമഹർഷിയുടെ പരാമർശം ഇല്ലാത്ത ലിഖിതങ്ങൾ ഇല്ല. വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുകളിലും ബ്രാഹ്മണങ്ങളിലും ആരണ്യകങ്ങളിലും എന്തിനും എവിടെയും അഗസ്ത്യരെ കാണാനാകും. മന്വന്തരങ്ങൾ കടന്ന് കാലാതീതമായ അറിവായി അമരനായി അഗസ്ത്യമുനി പ്രകാശിച്ചുനിൽക്കുന്നു. അഗസ്ത്യമുനിയെക്കുറിച്ചുള്ള പുരാണ പരാമർശങ്ങൾ നോക്കാം. പുലസ്ത്യന്റെ പുത്രനായി ജനനം കൊള്ളുന്ന അഗസ്ത്യനെയും, മിത്രവാരുണന്മാരുടെ പുത്രനായി വസിഷ്ഠനൊപ്പം ഇരട്ടസഹോദരനായി ജനിക്കുന്ന അഗസ്ത്യനെയും നമുക്ക് ഐതിഹ്യങ്ങളിൽ ദർശിക്കാം.
വരാഹപുരാണത്തിലും അഗസ്ത്യസംഹിതയിലും സ്കന്ദ പുരാണത്തിലും ദ്വൈത നിർണയ തന്ത്രത്തിലുമെല്ലാം അഗസ്ത്യഋഷിയുടെ പരാമർശം കാണാനാകും. കുടത്തിൽ നിന്ന് ജനിച്ചതുകൊണ്ട് കുംഭമുനി, കുംഭസംഭവൻ, കുംഭജ, കലശജ, കുംഭയോനി എന്നീ പേരുകളിലും അഗസ്ത്യർ അറിയപ്പെടുന്നു. മന, മാന്യ എന്നീ പേരുകളിലും അറിയപ്പെടുന്നു. അഗസ്ത്യരെപ്പറ്റി ഐതിഹ്യങ്ങൾ അനവധിയാണ്. ശിവന്റെ വിവാഹത്തിന് സമ്മേളിച്ച മുപ്പത്തിമുക്കോടി ദേവന്മാർ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചപ്പോൾ ശിവനിയോഗത്താൽ തെക്കിലേക്ക് സഞ്ചരിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥ വീണ്ടെടുത്ത അഗസ്ത്യഋഷിയുടെ കഥ അവിസ്മരണീയമാണ്. ഒരു വശത്ത് സമസ്തപ്രപഞ്ചവും മറുവശത്ത് കുറുമുനിയായ അഗസ്ത്യരും മാത്രം. മറ്റൊരിടത്ത് ദേവഹിതം നിറവേറ്റാൻ സമുദ്രത്തെ കുടിച്ചുവറ്റിച്ച അഗസ്ത്യമുനി ഇനിയൊരിടത്ത് ആകാശം മുട്ടെ വളരുന്ന വിന്ധ്യപർവതത്തിന്റെ ഗർവടക്കി അതിനെ മറികടന്ന മഹാഋഷി. കേൾക്കുന്നതെല്ലാം അമാനുഷിക ഗീതികൾ, തമിഴിന്റെ വ്യാകരണ ഗ്രന്ഥമായ അഗത്തിയത്തിൽ തുടങ്ങി, കളരിപ്പയറ്റ്, വർമ്മക്കലൈ, സിലമ്പാട്ടം, സിദ്ധവൈദ്യം, നാഡീജ്യോതിഷം, മർമ്മശാസ്ത്രം എവിടെയും എല്ലായിടത്തും എപ്പോഴും അഗസ്ത്യർ നിറയുന്നു.

ലോകാരാധ്യനായ മഹാഋഷി
എങ്ങനെയാണ് കാലാതീതമായി ഈ നാമം നിലനിൽക്കുന്നത് എന്ന ചോദ്യം പലപ്പോഴും മനസിൽ നിറഞ്ഞിരുന്നു. അത്ഭുതമെന്ന് പറയട്ടെ അഗസ്ത്യനെക്കുറിച്ചുള്ള ഉത്തരങ്ങൾ മനസിൽ വന്ന് നിറഞ്ഞുകൊണ്ടിരുന്നു. ഓരോ അഗസ്ത്യകൂട സന്ദർശനവും നിരവധി ഉത്തരങ്ങൾ നൽകുന്നു. കലിയുഗത്തിനും നാലായിരം വർഷങ്ങൾക്ക് മുൻപ് ജനിച്ച അഗസ്ത്യൻ ഇപ്പോഴും നിലനിൽക്കുന്നത് എങ്ങനെയാണ്? അന്വേഷണം ആ വഴിക്ക് പുരോഗമിച്ചു. അവിടെ നിരവധി രഹസ്യങ്ങൾ ചുരുളഴിഞ്ഞു തുടങ്ങി. അഗസ്ത്യന് ലോകാരാധ്യത ഉണ്ടെന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതായിരുന്നു. തെക്ക് കിഴക്കൻ ഏഷ്യയിൽ, ഇന്തോനേഷ്യ, ജാപ്പനീസ്, കംബോഡിയ, ലാവോസ്, തായ്ലന്റ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം ഗുരുവായി ശൈവമതപ്രചാരകനായി അഗസ്ത്യൻ ഉണ്ടായിരുന്നു എന്നത് ഈ സ്ഥലങ്ങളിലെ പുരാവസ്തു മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന അഗസ്ത്യ വിഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
'അജ് " എന്ന ധാതുവിൽ നിന്ന് അഗസ്ത്യൻ എന്ന വാക്കുണ്ടായി എന്നാണ് പ്രമാണം. അജ് എന്നാൽ പ്രകാശം നിറഞ്ഞത് എന്നർത്ഥം. ചിന്തകളെ ശുദ്ധീകരിക്കുന്ന തേജോരൂപനാണ് അഗസ്ത്യൻ. ന്യൂസിലാൻഡിലെ മാവോറി വിഭാഗം അഗസ്ത്യനക്ഷത്രത്തെ പരമപദമടഞ്ഞ ഗുരുവായി കാണുന്നു. ഇറാനിയൻ പദം 'ഗസ്തി" ദ്യോദിപ്പിക്കുന്നത് പാപമെന്നാണ്. 'അഗസ്തി" എന്നാൽ പാപം കഴുകിക്കളയുന്നയാൾ. ജാപ്പനീസ് ഭാഷയിലെ അഗസ്ത്യപർവം എന്ന ഗ്രന്ഥം അഗസ്ത്യനെ പറ്റിയുള്ളതാണ്. മേൽപ്പറഞ്ഞതുപോലെ എവിടെയും എപ്പോഴും അഗസ്ത്യൻ ഒരു മനുഷ്യന് കഴിയുന്ന കാലഗണനയ്ക്ക് അപ്പുറവും ഇപ്പുറവും ഒരേ പ്രസക്തി എങ്ങനെയാണ്? അല്ലെങ്കിൽ അകതീയർ - അതായത് ഉള്ളിൽ പ്രകാശം നിറയുന്നയാൾ. അഗം എന്നാൽ നിശ്ചലമായത്, പർവതം എന്നെല്ലാം അർത്ഥമുണ്ട്  'ഗം" എന്നാൽ ചലിപ്പിക്കുന്നത് അഗസ്ത്യം എന്ന വാക്കിന് പർവതങ്ങളെ ചലിപ്പിക്കുന്നവൻ എന്ന അർത്ഥവുമുണ്ട്. ചലനമില്ലാത്തവയെ ചലിപ്പിക്കുന്നയാൾ അഗസ്ത്യൻ. അഗസ്ത്യൻ എന്ന വാക്കിന് സമാനമായ 'അരികി, അതുതായ്, തപു" എന്നീ പേരുകളാണ് ഈ നക്ഷത്രത്തിന് അവർ നൽകിയിരിക്കുന്നത്. ചൈനയിൽ ഫു (ബ്രഹസ്പദി) ലു (വസിഷ്ഠൻ) ഷോവ് (അഗസ്ത്യൻ) എന്നീ മൂന്നുനക്ഷത്രങ്ങളെ നമിക്കുന്നത് സാധാരണയാണ്.
അഗസ്ത്യ നക്ഷത്രം
ഉത്തരം തെളിയുന്നു
കാലാന്തരങ്ങൾ കഴിഞ്ഞാലും മരിക്കാതെ തീക്ഷ്ണ ജ്വാലയുയർത്തുന്ന വെളിച്ചമായി അഗസ്ത്യനക്ഷത്രം കിഴക്ക് തെക്ക് ദിശയിൽ ഉദിച്ചുയരുകയാണ്. ആ നക്ഷത്രത്തെ നോക്കി പ്രാർത്ഥനാ നിരതമായി ഒരു ലോകജനത. അതെ കാനോപ്പസ് എന്ന അഗസ്ത്യ കുംഭജ നക്ഷത്രം ഭൂമിയിൽ നിന്ന് 310 പ്രകാശവർഷങ്ങൾക്കപ്പുറത്ത് തെക്കൻ ധ്രുവനക്ഷത്രമായി ജ്വലിച്ച് നിൽക്കുന്നു. നക്ഷത്രസമൂഹത്തിലെ രണ്ടാമത്തെ തിളക്കമാർന്ന നക്ഷത്രമാണ് അഗസ്ത്യൻ. ഭൂമിയിൽ നിന്ന് 310 പ്രകാശവർഷങ്ങൾക്കകലെ , സൂര്യനേക്കാൾ 10,000 മടങ്ങ് പ്രകാശത്തിൽ അഗസ്ത്യനക്ഷത്രം ജ്വലിക്കുന്നു. ഭാരതീയ ജ്യോതിശാസ്ത്ര പഠന ഗ്രന്ഥങ്ങൾ 500 എ.ഡിയിൽ തന്നെ അഗസ്ത്യനെ തിരിച്ചറിഞ്ഞിരുന്നു. പരാശരതന്ത്രവും സൂര്യസിദ്ധാന്തവും അഗസ്ത്യനെ പലതവണ പഠിച്ചു. ഇരുട്ടിൽ വെളിച്ചം എത്തിക്കുന്നയാൾ അഥവാ ഗുരു എന്ന അർത്ഥത്തിൽ ഈ നക്ഷത്രം വാഴ്ത്തപ്പെടുന്നു. ഭാരതത്തിൽ എങ്ങനെ ഇത്രയധികം അഗസത്യാശ്രമങ്ങൾ ഉണ്ടായി? അഗസ്ത്യന്റെ ദക്ഷിണയാത്ര എങ്ങനെ സംഭവിച്ചു? എന്നുള്ളതിന്റെയെല്ലാം ഉത്തരം അഗസ്ത്യനക്ഷത്രത്തിന്റെ യാത്രയെ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രഗവേഷകനായ രൂപഭാട്ടിയും നീലേഷ് ഓയ്ക്കും നടത്തിയ പഠനങ്ങൾ അത്ഭുതകരമായ ഉത്തരങ്ങൾ നൽകുകയാണ്. 25.000 വർഷങ്ങൾക്ക് മുൻപ് അഗസ്ത്യ നക്ഷത്രത്തെ നമുക്ക് കാണാൻ കഴിയുമായിരുന്നെന്ന് കുരുക്ഷത്രത്തിൽ നിന്നായിരുന്നെങ്കിൽ ക്ഷീരപഥത്തിന്റെ വ്യതിയാനം അനുസരിച്ച് അഗസ്ത്യൻ ഉത്തരദിക്കിൽ നിന്ന് ദക്ഷിണദിക്കിലേക്ക് യാത്ര ആരംഭിച്ചു. വിന്ധ്യപർവതം കടന്ന് അഗസ്ത്യനക്ഷത്രം ദക്ഷിണേന്ത്യയിൽ എത്തി.

രാമായണകഥയിലെ സീതാന്വേഷണ ഭാഗത്ത് സുഗ്രീവൻ ഹനുമാനോട് സംവദിക്കുന്നുണ്ട്. തെക്ക് ദിശയിൽ യാത്രചെയ്യുമ്പോൾ പുഷ്പാലംകൃതമായ ഒരു മനോഹര പർവതം ദൃശ്യമാകും. അതിന്റെ നാമം 'മഹേന്ദ്രഗിരി"(അഗസ്ത്യാർകൂടം) അതിന് മുകളിൽ എത്തുമ്പോൾ നിങ്ങൾക്ക് അഗസ്ത്യനെ കാണാനാകും.
അഗസ്ത്യേന ഉത്തരേ തത്രസാഗരേ വിനിവേശിത
ചിത്രസാനുനഗഃശ്രീമൻ മഹേന്ദ്രപർവതോത്തമ
തമൃഉപേതി സഹസ്രാക്ഷ സഭാ പർവസു പർവസു
സാഗരതീരത്തായി അതിമനോഹരമായ മഹേന്ദ്രപർവതത്തിലെത്തിയാൽ നിങ്ങൾക്ക് അഗസ്ത്യദർശനമുണ്ടാകുമെന്നും അവിടെ സഹസ്രാക്ഷനായ ഇന്ദ്രൻ സദാ എത്താറുണ്ടെന്നും സുഗ്രീവൻ പറയുന്നു. അഗസ്ത്യനക്ഷത്രത്തെയും (കാനോപസ്) ഇന്ദ്രൻ (സീരിയസ് നക്ഷത്രം) മാണ് ഈ ദിശാസൂചകങ്ങൾ. നക്ഷത്രസമൂഹങ്ങളായിരുന്നു നമ്മുടെ വഴികാട്ടികളായിരുന്നതെന്ന് ഓർക്കണം. രാമയണത്തിൽ അഗസ്ത്യനെ രാമനും ദർശിച്ചു അനുഗ്രഹം വാങ്ങി. അഗസ്ത്യനക്ഷത്ര ദർശനത്താൽ സോമനാഥം അഗസ്ത്യതീർത്ഥമാകുമെന്ന് ശ്രീകൃഷ്ണൻ മഹാഭാരതത്തിൽ പരാമർശിക്കുന്നു.
അഗസ്ത്യമലയും ബുദ്ധമതവും
അഗസ്ത്യപർവതത്തിന്റെ ആദിനാമം പൊതിയൻ മലയെന്നായിരുന്നു. പൊതാലക, പൊതിയൽ എന്നീ പേരുകളും ഉണ്ട്. ബുദ്ധമത വിശ്വാസപ്രകാരം അവലോകിതേശ്വരൻ അഥവാ ബോധിസത്വന്റെ അധിവാസ സ്ഥാനമാണ് പൊതാലക എന്ന അഗസ്ത്യാർകൂടം. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ പ്രാർത്ഥിക്കുന്ന മൗണ്ട് പൊതാല സ്മാരകങ്ങൾ അഗസ്ത്യാർകൂടത്തിന്റേതാണെന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്.
ബുദ്ധഭിക്ഷുക്കൾ തീർത്ഥയാത്രയായി അഗസ്ത്യമലയിൽ എത്തിയിരുന്നു എന്നത് നിസ്തർക്കമായ കാര്യമാണ്. ചിത്തലൈ ചിത്തനാരുടെ മണിമേഖലയിൽ, ചോളസാഹിത്യത്തിൽ ബുദ്ധമിത്രന്റെ വീരസൊല്യം, ചൈനീസ് യാത്രികനായ ഹുയാൻ സാംഗിന്റെ രേഖപ്പെടുത്തലുകളിൽ എല്ലാം പൊതാല വാസിയായ അവലോകിതേശ്വരനെയും ബുദ്ധഭിക്ഷുക്കളെയുമെല്ലാം കാണാനാകും. ബുദ്ധമത ഗ്രന്ഥമായ താരസൂക്യത്തിൽ ബോധിസത്വനെ 'പൊതാലഗിരിനിവാസിനി" എന്ന് വിളിക്കുന്നു. മഹാവൈപുല്യബുദ്ധവതാമക സൂത്രം എന്ന ഗ്രന്ഥത്തിലും ഈ പരാമർശങ്ങൾ ഉണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധമായ ബുദ്ധമത തീർത്ഥകേന്ദ്രമായി അഗസ്ത്യപർവതം നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ഉണ്ടോ എന്ന് ഓരോ യാത്രയിലും സൂക്ഷ്മമായി ഞാൻ നോക്കിയിരുന്നു. അതിരുമലയിലെത്തുന്നതിനു മുൻപ് വനത്തിനുള്ളിൽ പലയിടത്തും പാറക്കൂട്ടങ്ങൾ കാണുന്ന രൂപങ്ങൾ ഇത്തവണ കൂടുതൽ സംവദിക്കുന്നതായി എനിക്ക് തോന്നി. കുറഞ്ഞത് 3000 വർഷങ്ങൾക്കപ്പുറം മനുഷ്യന്റെ ഉളിത്തലപ്പുകൊണ്ട് രൂപപ്പെട്ട വിഗ്രഹങ്ങളുടെ ഒരു കൂട്ടുമായിതന്നെയാണ് ആ രൂപങ്ങളെ എനിക്ക് കാണാനാവുന്നത്. നാഗങ്ങളുടെയും ദേവീദേവന്മാരുടെയും രൂപങ്ങളുടെ ഒരുവലിയകൂട്ടം. ഒരു വിശിഷ്ട സംസ്കാരം വളർന്ന് വികാസം പ്രാപിച്ചതിന്റെ സാക്ഷ്യപത്രങ്ങൾ ആണിത് എന്നത് നിസ്തർക്കമായ കാര്യമാണ്. ഇക്കാര്യത്തിൽ നിരവധി പഠനഗവേഷണങ്ങൾക്ക് അധികൃതർ തയ്യാറാകണം എന്ന അഭ്യർത്ഥന ഇതിനൊപ്പം വയ്ക്കുന്നു. അനാദികാലമായി അമരനായി അഗസ്ത്യൻ അന്വേഷകമനസുകളിൽ പ്രപഞ്ചരഹസ്യവുമായി തിളങ്ങിനിൽക്കുകയാണ്. അത്ഭുതമായും അളക്കാനാവാത്ത അറിവുകളുടെ ശേഖരമായും അഗസ്ത്യരുണ്ട്. അകത്തെ തീയായി... അഗത്തീയരായി അഗസ്ത്യർ.
(ലേഖകന്റെ നമ്പർ: 9847186223)