
കണ്ണൂർ: പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ ആസൂത്രിത ആക്രമണത്തിന് വേണ്ടിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളളവരാണ് സമരം നടത്തുന്നത്. മൂന്നുലക്ഷം പേരെ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളളം പറയുകയാണ്. പ്രതിപക്ഷ നേതാവ് ഈ കണക്കുകൾ പുറത്തുവിടണമെന്ന വെല്ലുവിളിയും വിജയരാഘവൻ നടത്തി.
കേരളത്തിന്റെ വികസന മുന്നേറ്റത്തിന് തടയിടാൻ അസാദ്ധ്യമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അക്രമസമരങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. ചെറുപ്പക്കാരെ സർക്കാരിനെതിരെയുളള ആക്രമണത്തിന്റെ ഉപകരണമാക്കാനുളള ശ്രമം നടക്കുകയാണ്. കോൺഗ്രസ് ഉന്നയിക്കുന്നത് സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ്. സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കിൽ മാത്രമേ നിയമനവും നടത്താനാവൂ. എന്നാൽ ഇതിന് വിരുദ്ധമായി പ്രവർത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിയമവിരുദ്ധമായി പ്രവർത്തിക്കണമെന്നാമശ്യപ്പെട്ട് സമരം നടത്തുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. സമരത്തിനോട് വിരോധമില്ല, എന്നാൽ സമരത്തിലുയർത്തുന്ന ആവശ്യം അപ്രായോഗികമാണെന്നും വിജയരാഘവൻ പറഞ്ഞു.
ഉമ്മൻചാണ്ടി ഭരണത്തിന്റെ അവസാന കാലത്തും ഒരു ലക്ഷത്തിലേറെപ്പേർ ജോലികിട്ടാത്തവരായി ഉണ്ടായിരുന്നു. അതേസമയം, ഇടതുസർക്കാരിന്റെ കാലത്ത് തൊഴിൽരഹിതരോട് അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുളള അക്രമസമരങ്ങൾ എന്നത് യു ഡി എഫ് ശീലമാണെന്നും വിജയരാഘവൻ ആരോപിച്ചു.