
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കേരളം എത്തിനിൽക്കവേ പാർട്ടിയെ സജ്ജമാക്കുകയെന്ന ദൗത്യവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരക്കിലാണ്, അദ്ദേഹം തന്റെ കാഴ്ച്ചപ്പാടുകൾ കേരളകൗമുദിയുമായി പങ്കുവയ്ക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷ എത്രത്തോളം?
വളരെ ശക്തമായ ത്രികോണമത്സരമായിരിക്കും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുക. വലിയ വിജയപ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.
കേരളത്തിൽ . യു.ഡി.എഫും എൽ.ഡി.എഫും പ്രബലമുന്നണികളായി നിൽക്കമ്പോൾ എൻ.ഡി.എ ബി.ജെ.പിയും ബി.ഡി.ജെ.എസും മാത്രമായി ചുരുങ്ങുന്ന അവസ്ഥയായി. എൻ.ഡി.എയ്ക്ക് ഈ മണ്ണ് പാകമായിട്ടില്ലേ?
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിലും നോക്കിയാൽ വലിയ ശതമാനം മണ്ഡലങ്ങളിൽ വളരെ ശക്തമായ സാന്നിദ്ധ്യമുള്ള മുന്നണിയാണ് എൻ.ഡി.എ. അധികം കക്ഷികളില്ലെന്നത് വാദത്തിന് സമ്മതിക്കാമെങ്കിലും എൻ.ഡി.എക്ക് വലിയ ജനപിന്തുണയുണ്ട്. ഇപ്പോൾത്തന്നെ മൂന്നിലൊന്നിലധികം സ്ഥലങ്ങളിൽ തുല്യമായ ത്രികോണമത്സരമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വന്നത്. ഇത്തവണ അതൊരു 60 70 ശതമാനം സ്ഥലങ്ങളിലുണ്ടാകും. മറ്റ് രണ്ട് മുന്നണികൾക്കും അതിന്റേതായ ദൗർബല്യങ്ങൾ ഏറെയുണ്ട്. യു.ഡി.എഫിൽ കോൺഗ്രസാണ് പ്രധാന കക്ഷിയെങ്കിലും കോൺഗ്രസിന്റെ പ്രസക്തി പല മണ്ഡലങ്ങളിലും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ ആകെ നോക്കിയാൽ കോൺഗ്രസിന്റെ ദൗർബല്യം ചെറുതല്ല. കൊല്ലം ജില്ലയിലെ പല പഞ്ചായത്തുകളിലും ബി.ജെ.പി എൽ.ഡി.എഫ് തമ്മിലായിരുന്നു മത്സരം.
ആലപ്പുഴയിൽ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവുണ്ട്. അവിടെയെല്ലാം യു.ഡി.എഫ് അപ്രസക്തമാവുകയാണ്. എൽ.ഡി.എഫിനാണെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ ജയിച്ചത് പോലെയല്ല ഈ തിരഞ്ഞെടുപ്പിലേക്ക് വരമ്പോൾ. ജനങ്ങൾ ചർച്ച ചെയ്യുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും അടക്കമുള്ള നേതാക്കളുമൊക്കെ ശക്തമായ പ്രചരണത്തിനെത്തുന്നതോടെ പല മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ശബരിമല യുവതീപ്രവേശന വിധിയും അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും. പ്രക്ഷോഭത്തിന് മുൻനിരയിൽ ബി.ജെ.പി ഉണ്ടായിട്ടും ഗുണഫലം യു.ഡി.എഫ് കൊണ്ടപോയി ?
അന്ന്, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന തെറ്റായ പ്രചാരണം കേരളത്തിൽ നടന്നു. സ്വാഭാവികമായും ആ പ്രചാരണത്തിൽ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ ആകൃഷ്ടരായി. രണ്ട് ന്യൂനപക്ഷ സമുദായങ്ങളും ഒന്നിച്ച് യു.ഡി.എഫിന് വോട്ട് ചെയ്തത് കൊണ്ടാണത്. ആ സാഹചര്യം പിന്നീട് മാറിയല്ലോ. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ അതൊരു ഘടകമേ ആയിരിക്കില്ല.
ശബരിമല വിഷയമിപ്പോൾ യു.ഡി.എഫ് വീണ്ടുമെടുത്തിടമ്പോൾ, എൻ.എസ്.എസ് നേതൃത്വം ആരിലും വിശ്വാസമില്ലെന്ന് പറയുന്നു ?
യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രചാരണത്തെക്കാൾ ശക്തമായ പ്രചാരണം ഞങ്ങൾ കൊണ്ടുവന്നല്ലോ. വിശ്വാസപ്രശ്നം വന്നപ്പോൾ ഞങ്ങൾ നേരത്തേ ഉന്നയിക്കുന്ന പല കാര്യങ്ങളും പ്രസക്തമായി വന്നു. ദേവസ്വംബോർഡുകളുടെ രാഷ്ട്രീയാതിപ്രസരം, ക്ഷേത്രങ്ങളുടെ ഭൂമിപിടിച്ചെടുക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം അവർക്കുത്തരം പറയേണ്ടി വന്നു. അവരുടെ നിലപാടെന്താണെന്ന് ജനങ്ങൾ ചോദിക്കും. ഞങ്ങളത് ശക്തമായി ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് ശബരിമല മുൻനിറുത്തി യു.ഡി.എഫിന് മേൽക്കൈയുണ്ടാക്കാൻ കഴിയില്ല. കാരണം അവർ അന്ന് ഒരിടത്തുമില്ലായിരുന്നു.
ശബരിമല ആചാരത്തിന്റെ കാര്യത്തിലും പ്രക്ഷോഭത്തിന്റെ കാലത്തുമെല്ലാം എൻ.എസ്.എസ് നിലപാട് വളരെ പ്രസക്തമായിരുന്നു.
ബി.ജെ.പിക്ക് അതിന്റെ ഹിന്ദുത്വ ഇമേജ് വച്ചുകൊണ്ട് എത്രത്തോളം മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് പോകാനാകും?
കേരളത്തിൽ 86 90 വരെ മണ്ഡലങ്ങളിൽ വിധിനിർണയിക്കുന്നത് ഭൂരിപക്ഷ സമുദായം തന്നെയാണ്. രണ്ടാമത്തെ പ്രശ്നമെന്നത്, രണ്ട് മതന്യൂനപക്ഷങ്ങളുടെയും നിലപാട് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഒരപോലെയല്ല. സാധാരണ കേരളത്തിലെപ്പോഴും ക്രൈസ്തവരും മുസ്ലിംങ്ങളും ഒരേ നിലപാടാണ് എടുക്കാറുള്ളത്. ഇപ്പോൾ അങ്ങനെയല്ല സാഹചര്യം.
സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെട്ടതും ബി.ജെ.പി ദേശീയനേതൃത്വം കൂടുതലായി ഇടപെടുന്നതുമെല്ലാം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയാണോ ?
അല്ല, നേട്ടത്തിന് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. ക്രൈസ്തവർക്ക് സമാനമായ ചില പ്രശ്നങ്ങളുണ്ട്. പാർശ്വവത്കരിക്കപ്പെട്ട ഹിന്ദു സമൂഹം നേരിടുന്ന നിരവധി വിഷയങ്ങളാണ് ഞങ്ങൾ പ്രധാനമായും ഇക്കാലമത്രയും തിരഞ്ഞെടുപ്പുകളിൽ ഉയർത്തിക്കൊണ്ടുവന്നത്. അതപോലെയുള്ള ചില വിവേചനങ്ങളെക്കുറിച്ച് ക്രൈസ്തവരും ഇപ്പോൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്.
മലബാർ മേഖലയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ പങ്ക് പ്രധാനമല്ലേ ?
മലബാർ സംസ്ഥാനം രൂപീകരിക്കണമെന്നിപ്പോൾ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമടക്കം ആവശ്യപ്പെടുകയാണല്ലോ. അതെങ്ങനെ മറ്റ് ജനവിഭാഗങ്ങൾ സ്വീകരിക്കുമെന്ന ചോദ്യമുണ്ടല്ലോ.
എ.പി. അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയുടെ ദേശീയ ഉപാദ്ധ്യക്ഷനാക്കിയെങ്കിലും ബി.ജെ.പിക്ക് അവർക്കിടയിൽ അതുകൊണ്ട് മാത്രം സ്വീകാര്യത നേടിയെടുക്കാനാകുമെന്ന് കരുതുന്നണ്ടോ?
അങ്ങനെയൊന്നും കാണാനാവില്ല. ഏതെങ്കിലും രാഷ്ട്രീയ നേതൃത്വമോ മത നേതൃത്വമോ വിചാരിക്കുന്നത് പോലെ, വിശ്വാസിസമൂഹം ചിന്തിക്കണമെന്നില്ലല്ലോ. തദ്ദേശതിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും മുസ്ലിം മതന്യൂനപക്ഷത്തിൽ പെട്ടവർക്ക് ധാരാളം സീറ്റുകൾ കൊടുത്തിരുന്നു, . അതുകൊണ്ട് മാത്രം ഒറ്റയടിക്ക് മുസ്ലിം സ്വീകാര്യത വർദ്ധിപ്പിക്കാമെന്ന് പറയുന്നതല്ല, സാവധാനത്തിലേ അത് നടക്കുകയുള്ളൂ. പക്ഷേ മറ്റെല്ലാ സമുദായത്തിലും ഇന്ന് സ്ഥിതി അതല്ല.
ബി.ജെ.പി വന്നാൽ ലവ് ജിഹാദിനെതിരെ യു.പി മോഡൽ നിയമം കൊണ്ടുവരുമെന്ന് താങ്കൾ പറഞ്ഞു. ഇതൊക്കെ ക്രൈസ്തവന്യൂനപക്ഷത്തിൽ കണ്ണുവച്ചിട്ടല്ലേ ?
അല്ല, രണ്ട് സമൂഹങ്ങളും നേരിടുന്ന സമാനമായ വെല്ലുവിളികളെ അഡ്രസ് ചെയ്യുകയാണ്. അതിപ്പോൾ എല്ലാ സഭകളും പറയുകയല്ലേ.
കേരളത്തിൽ ലവ് ജിഹാദില്ല എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ?
ഹൈക്കോടതി പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. സഭകളെല്ലാം ഒറ്റക്കെട്ടായി പറയുന്നതെന്തുകൊണ്ടാണ്? അവരവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. കോടതി ഇവിടെ സർക്കാർ കൊടുക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണ്.
കേരളത്തിലെ ബി.ജെ.പിക്കകത്ത് വിഭാഗീയത എപ്പോഴുമൊരു തലവേദനയാണ്. താങ്കളുടെ കാലത്ത് ശോഭാ സരേന്ദ്രനെപ്പോലുള്ള നേതാക്കളാണ് താങ്കളോട് അകൽച്ച കാണിക്കുന്നത് ?
അത് മാദ്ധ്യമസൃഷ്ടി മാത്രമാണ്. കേരളത്തിൽ ബി.ജെ.പിയുടെ ഒരു നേതാവും അകന്നുനിൽക്കുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ ഒരു റിബൽ സ്ഥാനാർത്ഥി പോലും ബി.ജെ.പിക്കുണ്ടായിരുന്നില്ല. യു.ഡി.എഫിനും എൽ.ഡി.എഫിനും ആയിരക്കണക്കിന് റിബൽ സ്ഥാനാർത്ഥികൾ ഉണ്ടായപ്പോൾ ബി.ജെ.പിക്ക് റിബൽ സ്ഥാനാർത്ഥിയേ ഇല്ലായിരുന്നു. കേരളത്തിലെ പാർട്ടിക്കകത്ത് ഇപ്പോൾ ഒരു വിഭാഗീയതയുമില്ല. ആരും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയുമില്ല.
സ്വർണക്കടത്ത് കേസ് കേന്ദ്ര ബി.ജെ.പി നേതൃത്വം കേരളത്തിലെ സി.പി.എമ്മുമായി ഇടപെട്ട് ഒത്തുതീർപ്പാക്കിയെന്നാണല്ലോ കോൺഗ്രസ് ആക്ഷേപിക്കുന്നത് ?
ഒത്തുതീർപ്പിന്റെ ചരിത്രവും പാരമ്പര്യവുമുള്ളവർ കോൺഗ്രസും സി.പി.എമ്മുമാണ്. ബി.ജെ.പിക്ക് അങ്ങനെയൊരു ഘട്ടത്തിലും ഒരൊത്തുതീർപ്പ് നടത്തേണ്ടി വന്നിട്ടില്ല. സ്വർണക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഒരു കേസ് അന്വേഷിച്ച് പൂർണതയിലെത്താതെ നമുക്ക് അങ്ങനെയൊരു വ്യാഖ്യാനത്തിലെത്താൻ പറ്റില്ല.
യു.ഡി.എഫ് ബി.ജെ.പി സഖ്യമെന്ന എൽ.ഡി.എഫ് ആക്ഷേപത്തെപ്പറ്റി ?
അതൊക്കെ എല്ലാ തിരഞ്ഞെടുപ്പിലും അവർ പറയുന്നതാണ്. യഥാർത്ഥത്തിൽ തിരുവനന്തപുരമുൾപ്പെടെ പല സ്ഥലങ്ങളിലും കണ്ടത് എൽ.ഡി.എഫ് യു.ഡി.എഫ് ഐക്യമാണ്. കേരളത്തിനു വെളിയിൽ എല്ലാ സ്ഥലത്തും അവരൊറ്റ മുന്നണിയായാണ് മത്സരിക്കുന്നത്. ഇവിടെ രണ്ട് മുന്നണികളിലിരുന്ന് പരസ്പരം യോജിക്കുകയാണ്.
രണ്ട് മുന്നണികളുടെയും പേടിസ്വപ്നമായി കേരളത്തിലിപ്പോൾ ബി.ജെ.പിക്ക് മാറാനായി എന്നാണോ ?
തീർച്ചയായും. കേരളത്തിൽ വളരെ ശക്തമായ പാർട്ടിയാണ് ബി.ജെ.പി. സി.പി.എമ്മിന്റെ പാർട്ടി റിപ്പോർട്ട് തന്നെ അതാണ്. കോൺഗ്രസിൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ള വലിയ വിഭാഗം നേതാക്കൾ ആ വസ്തുത അംഗീകരിച്ചിട്ടുണ്ട്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തിന് അപ്പുറത്തേക്ക് ബി.ജെ.പി എത്രത്തോളം മന്നേറ്റമുണ്ടാക്കും ?
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മന്നേറ്റമാകും ഉണ്ടാക്കുക. സീറ്റുകൾ എത്ര പിടിക്കുമെന്ന് ഇപ്പോൾ ഒരു മുന്നണിയും പറഞ്ഞിട്ടില്ലല്ലോ. ബി.ജെ.പി മാത്രം എന്തിന് പറയണം? എൽ.ഡി.എഫ് എത്ര പിടിക്കുമെന്ന് അവരും യു.ഡി.എഫ് എത്ര പിടിക്കുമെന്ന് അവരും പറയുന്നില്ല. അങ്ങനെയൊരു കണക്കും ഒരു പാർട്ടിയും ഒരു തിരഞ്ഞെടുപ്പിലും പറയില്ല. എല്ലാവരും പറയുക അവർ അധികാരത്തിൽ വരുമെന്നാണ്. ഞങ്ങളെ സംബന്ധിച്ച് കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും തുല്യ ത്രികോണ മത്സരം ഉണ്ടാകും.