ch

എൺപതുകളിൽ 'സാഹിത്യ'ത്തിലേക്കു കടന്ന യൗവന നാളുകളിൽ, എന്റെ നാട്ടിൽ ഞാനൊരു എഴുത്തുകാരനായല്ല, കത്തെഴുത്തുകാരനായാണ് അറിയപ്പെട്ടിരുന്നത്! ദിവസവും ഒരിരുപത് കത്തുകളെങ്കിലും എഴുതി പോസ്റ്റ് ചെയ്യാതെ എനിക്കുറക്കം വരുമായിരുന്നില്ല. അകലങ്ങളിലുള്ള സുഹൃത്തുക്കൾക്കും പത്രാധിപന്മാർക്കും ഇടതടവില്ലാതെ ഞാനെഴുതി. ബാലജനസഖ്യം വഴി ലഭിച്ച വിപുലമായ ഒരു പരിചയവൃന്ദം അക്കാലത്തെനിക്കുണ്ടായിരുന്നു.

കോളേജ് വിട്ടിറങ്ങിയ ആ കാലഘട്ടത്തിൽ, പതിനൊന്നര മണിയോടെ വീടുവഴി വരുന്ന പോസ്റ്റ്മാൻ നാരായണൻ നായരേയും കാത്ത് ഞാൻ ഉമ്മറത്തു തന്നെ നിൽക്കും. വലിയ ആഹ്ലാദത്തോടെത്തന്നെയാവും നാരായണൻ നായർ തന്റെ കൈയിലെ കെട്ടഴിച്ച് എനിക്ക് കത്തുകൾ നീട്ടുക. പകുതി ഭാരം ഒഴിവായ സന്തോഷത്തോടെ അദ്ദേഹം യാത്രയാവുമ്പോൾ എന്റെ ലോകം ആരംഭിക്കുന്നു. ലിറ്റിൽ മാഗസിനുകൾ, മടങ്ങി വരുന്ന കഥകൾ, ചങ്ങാതിമാരുടെ വിശേഷങ്ങൾ, പ്രണയിനിയുടെ പരിഭവങ്ങൾ... കത്തുവായന കഴിഞ്ഞാൽ ഞാനെഴുതിത്തുടങ്ങുകയായി. ഉച്ചയൂണുപോലും മറന്ന് മൂന്നുമണിക്കുള്ളിൽ ഞാൻ മറുപടിക്കത്തുകളെഴുതിത്തീർക്കും. വീടിനു മുന്നിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഓഫീസ് വരാന്തയിലെ ചുവന്ന തപാൽപ്പെട്ടി തുറക്കാൻ ആളെത്തുക മൂന്നേകാലിനാണ്. അതിനു മുമ്പ് കത്തുകളും പുതുതായി എഴുതിയ കഥകളുമൊക്കെ തപാൽപെട്ടിയിൽ നിക്ഷേപിച്ച് ഞാനാ പരിസരങ്ങളിൽത്തന്നെ ചുറ്റിപ്പറ്റി നിൽക്കും. ഒരു ചെറിയ ചാക്കുമായി കത്തെടുക്കാൻ ആളെത്തുമ്പോൾ ഞാൻ ഒളിഞ്ഞുനിന്ന് അതുനോക്കും. പെട്ടി തുറന്ന് കത്തുകളെടുക്കുമ്പോൾ, എന്റെ കത്തുകളത്രയും ചാക്കിനകത്തേക്കിട്ടു എന്ന് ബോദ്ധ്യം വന്നതിനുശേഷമേ ഞാൻ വീട്ടിലേക്കു മടങ്ങൂ!

chh

എന്റെ എഴുത്തുമേശമേൽ എപ്പോഴും പതിനഞ്ച് പൈസയുടെ മഞ്ഞക്കാർഡുകളും ഇരുപത്തഞ്ചു പൈസയുടെ നീല ഇൻലന്റുകളും മടക്കി അടുക്കി റെഡിയായിരിക്കും. സൗഹൃദത്തിന്റെ നീലത്താളുകളോടായിരുന്നു എനിക്കേറെ പ്രിയം. ഇന്നത്തേതുപോലെ നാലുവശവും പശ തേച്ചൊട്ടിച്ച്, തുറക്കുമ്പോൾ കീറിപ്പറിഞ്ഞു പോകുന്ന ന്യൂജൻ ഇൻലന്റല്ല, ഒരറ്റം മാത്രം ഒട്ടിക്കാവുന്ന പഴയത്. കൂടുതലെഴുതാനുണ്ടെങ്കിൽ 50 പൈസയുടെ കവറും റെഡി. അക്കാലങ്ങളിൽ 'സതീഷ്ബാബു പയ്യന്നൂർ, നിയർ എസ്.എസ്. ടെമ്പിൾ, പയ്യന്നൂർ 670307' എന്നതായിരുന്നു ഞാനുണ്ടാക്കിയെടുത്ത എന്റെ മേൽവിലാസം. പിന്നീടാണ് അമ്പലപരിസരം മഹാദേവഗ്രാമം എന്ന മനോഹര നാമധേയത്താലും അറിയപ്പെടുന്നുണ്ടല്ലോ എന്നു ഞാനോർത്തത്. മഹാദേവൻ, അമ്പലത്തിലെ പ്രതിഷ്‌ഠയായ സുബ്രഹ്മണ്യകുമാരനാണെന്നും ഞാൻ കരുതി. പയ്യന്നൂർ എന്ന പേരു വന്നത് പയ്യന്റെ, യുവാവായ സുബ്രഹ്മണ്യന്റെ, ഊര് എന്ന അർത്ഥത്തിലാണെന്ന് ഞാൻ മനസിലാക്കിയിരുന്നു. (അക്കാലത്ത് സുഹൃത്ത് കെ.പി സുനിൽ പറഞ്ഞത്, 'അതങ്ങനെയല്ല, പയ്യനായ സതീഷ്ബാബുവിന്റെ ഊര് തന്നെയാണ് പയ്യന്നൂർ' എന്നാണ്!)

അങ്ങനെ, പത്രസ്ഥാപനങ്ങളിലേക്കയക്കുന്ന കത്തുകൾക്കൊക്കെ ഒരു ഗമ വേണമല്ലോ എന്നർത്ഥത്തിൽ ഞാനെന്റെ വിലാസം 'മഹാദേവഗ്രാമം, പയ്യന്നൂർ 670307' എന്നാക്കി മാറ്റി! അത് ലോപിച്ച് മിക്കവാറും 'മഹാദേവഗ്രാമം 670307' എന്നുമായപ്പോൾ, സഹികെട്ട് ഒരുനാൾ പോസ്റ്റുമാൻ നാരായണൻ നായർ എന്നോട് ചൂടായി : 'മഹാദേവഗ്രാമം എന്ന പോസ്റ്റൽ പേര് ഞങ്ങളുടെ നിഘണ്ടുവിലില്ല...'

രണ്ട്

മഹാദേവനായ സുബ്രഹ്മണ്യന്റെ പേരിലല്ല, മഹാദേവദേശായി എന്ന ഗാന്ധി ശിഷ്യൻ വന്ന് പ്രസംഗിച്ച സ്ഥലമായതിനാലാണ് അമ്പലത്തിനടുത്തുള്ള 'പട്ടറാട്ട് കൊവ്വൽ' എന്ന മൈതാനം മഹാദേവഗ്രാമമായത്. 1892 ജനുവരി ഒന്നിനു ഗുജറാത്തിലെ സൂററ്റിൽ ജനിച്ച്, സ്വാതന്ത്ര്യലബ്‌ധിക്ക് കൃത്യം 5 വർഷം മുമ്പ്, 1942 ആഗസ്റ്റ് 15-ന് കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞ മഹാദേവ ദേശായി, മഹാത്മജിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയിലും ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിവർത്തകൻ എന്നീ നിലകളിലും വിഖ്യാതനായി. ഇരുപത്തഞ്ചു വർഷത്തോളം തന്റെ നിഴലായി സ്വാതന്ത്ര്യസമരയാത്രകളിൽ കൂടെ നിന്ന ദേശായിയെ 'എനിക്കിയാൾ സ്വന്തം മകൻ തന്നെ' എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ആ മഹാദേവ ദേശായിയുടെ പേരിലറിയപ്പെടുന്ന ഇടത്തെ ഞാൻ അഭിമാനപൂർവം തന്നെ എന്റെ വിലാസമാക്കി മാറ്റി! മൈതാനത്തിനപ്പുറം മഹാദേവഗ്രാമത്തിന്റെ അതിരുകൾ വളരുന്നതാണ് പിന്നീട് കണ്ടത്. മുച്ചിലോടും തെരുവും കേളോത്തുമൊക്കെ ഗ്രാമത്തിന്റെ പോസ്റ്റൽ അതിരുകളായി വളരുംവിധം എനിക്കുശേഷം വന്ന യുവപ്രതിഭകൾ മേൽവിലാസമായി ഏറ്റെടുത്തപ്പോൾ, നാരായണൻ നായർക്കുശേഷം വന്ന പോസ്റ്റുമാൻമാർ എന്തു പറഞ്ഞു എന്നറിയില്ല...!

chanam

മൂന്ന്

മഹാദേവ ദേശായി സ്‌മാരക വായനശാലയും ഫൈൻ ആർട്സ് സൊസൈറ്റിയും ഗ്രാമം പ്രതിഭയും ഇന്ന് മൈതാനത്ത് തലയുയർത്തി നിൽക്കുന്നു. ചിണ്ടേട്ടന്റെ മുരളി ഹോട്ടലും പി.യു. രാജേട്ടന്റെ ആരാധന ഓഡിറ്റോറിയവുമാണ് എന്റെ കുട്ടിക്കാല ഓർമ്മകൾ തൊട്ടേയുള്ള ഗ്രാമത്തിലെ മറ്റ് രണ്ട് പൊതുജനസമ്പർക്കകേന്ദ്രങ്ങൾ....!
അജ്ഞാതകവിയാൽ വിരചിതമായ 'പയ്യന്നൂർ പാട്ട്' എന്ന പുരാണ കൃതിയിൽ ഈ മൈതാനത്തിന് വലിയ സ്ഥാനമുണ്ട്. നഷ്‌ടപ്പെട്ടു എന്നു കരുതിയ ഈ കൃതി പിന്നീട് ജർമ്മനിയിലെ ഒരു മ്യൂസിയത്തിൽ നിന്നാണ്, അപൂർണമായെങ്കിലും, കണ്ടെടുത്തത്. തൃശിവപേരൂർ നഗരിയിൽ നിന്ന് യാത്ര പുറപ്പെട്ട സുകേശിനിയായ നീലകേശിയെ മോഹിച്ച ഏലിമല രാജ്യം വാഴും കചൻ തമ്പി എന്ന വണിക പ്രഭു, അവൾക്കായി 'പൊൽക്കൂത്ത്' നടത്തിയത് ഈ ക്ഷേത്രമൈതാനത്തിലാണ് എന്ന് പയ്യന്നൂർ പാട്ടിൽ കാണുന്നു.

നാല്
മഹാദേവഗ്രാമം വിട്ട് നാടോടിയായി അലഞ്ഞ ഞാൻ, വീണ്ടും ഗ്രാമത്തിന്റെ വിളി കേൾക്കുന്നു. ആയുസിന്റെ പകുതിയിലേറെ പിന്നിട്ട അനന്തപുരിയിൽ നിന്ന് പൂർണമായൊരു പറിച്ചുനടൽ ഇനി സാദ്ധ്യമോ എന്നറിഞ്ഞു കൂടാ... എങ്കിലും പയ്യന്നൂരമ്പലത്തിനു മുന്നിൽ അനിയന്റേയും അച്‌ഛനമ്മമാരുടേയും ആഗ്രഹത്താൽ പുതിയൊരു വാസസ്ഥലമുയർന്നു കഴിഞ്ഞു. 'മഹാദേവഗ്രാമം 670307' എന്ന വിലാസം എന്നെ വീണ്ടും മാടിവിളിക്കുന്നതുപോലെ....
(സതീഷ്ബാബു പയ്യന്നൂർ : 98470 60343, satheeshbabupayyanur@gmail.com)