narendra-modi-

ന്യൂഡൽഹി : ആഗോളവത്കരണ കാലത്ത് സാമ്പത്തിക മേഖലയ്ക്ക് രാജ്യങ്ങൾ പ്രാധാന്യം നൽകുമ്പോൾ ആയുധം ഉപയോഗിച്ചു കൊണ്ടുള്ള ഏറ്റുമുട്ടലുകൾക്ക് സാദ്ധ്യത തീരെ കുറവാണ്. സമ്പത്തിക വ്യാപാര നയങ്ങളിൽ ലോകരാജ്യങ്ങൾ അത്രകണ്ട് ശ്രദ്ധാലുക്കളാണ് എന്നതാണ് കാര്യം. അടുത്ത കാലത്തായി ചൈന സാമ്പത്തികമായി വളർന്ന് ലോകമാകെ പടരുന്നതിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അസ്വസ്ഥമാകുന്നതും ഇതേ കാരണത്താലാണ്. അതിനാൽ തന്നെ സോഫ്റ്റ് ഡിപ്‌ളോമസിക്ക് (മൃദുത നയതന്ത്രം ) പ്രാധാന്യം ഏറുന്ന കാലമാണിപ്പോൾ. ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് അനുഗ്രഹീതമായ ഒരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ഇന്ത്യൻ വംശജരായ ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് ലോകത്തിലെ പതിനഞ്ചോളം രാജ്യങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ ഇന്ത്യൻ വംശജരായ 200പേരുടെ കരങ്ങൾ തീരുമാനങ്ങളെടുക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഇതിൽ അറുപതോളം പേർ കാബിനറ്റ് പദവി പങ്കിടുകയും ചെയ്യുന്നുണ്ട്. ഈ രാഷ്ട്രങ്ങളുടെ പട്ടികയിൽ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെടുന്നു എന്നതാണ് പ്രധാനം. അമേരിക്ക ആസ്ഥാനമായുള്ള ഒരു സംഘടനയാണ് വളരുന്ന ഇന്ത്യൻ സ്വാധീനം വെളിപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അടുത്തിടെ അമേരിക്കയുടെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോകരാജ്യങ്ങളുടെ അധികാര തലപ്പത്തുള്ള ഇന്ത്യൻ വംശജരെ കുറിച്ച് പഠനം ആരംഭിച്ചത്. ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ ഡയസ്‌പോറ ഗവൺമെന്റ് ലീഡേഴ്സ് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിലവിൽ ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ വംശജർ അധികാരവുമായി തൊട്ടടുത്തുള്ള പദവികളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ രാജ്യങ്ങളിൽ നയതന്ത്രജ്ഞർ, നിയമസഭാംഗങ്ങൾ, സെൻട്രൽ ബാങ്കുകളുടെ മേധാവികൾ, മുതിർന്ന സിവിൽ സർവീസുകാർ എന്നീ പദവികളിലാണ് ഇന്ത്യൻ വംശജർ പ്രവർത്തിക്കുന്നത്.

ഇതിൽ മിക്കരാജ്യങ്ങളിലും പ്രവാസികളുടെ കുടിയേറ്റത്തിന്റെ ഭാഗമായി ഇന്ത്യക്കാർ എത്തപ്പെട്ടതാണ്. അവരുടെ പിൻതലമുറകളാണ് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിൽ ചേക്കേറിയിരിക്കുന്നത്. ഇവരിൽ നല്ലൊരു ഭാഗവും ഇപ്പോഴും ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുമായി ബന്ധം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജരായ ആളുകൾ വസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസികൾ ഇന്ത്യൻ വംശജരാണ്. ഇന്ത്യൻ സർക്കാരിനെ സംബന്ധിച്ചിടത്തോളവും ഇത് വളരെ അനുകൂലമായ ഘടകമാണ്. വിവിധ രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനുള്ള പാലമായി ഇന്ത്യൻ വംശജരെ ഉപയോഗപ്പെടുത്താൻ സർക്കാരിനാവും. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം അദ്ദേഹം നടത്തുന്ന വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ വംശജരുമായി സംവദിക്കുവാൻ പ്രത്യേക താത്പര്യം പ്രകടിപ്പിക്കാറുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങിൽ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ തീരുമാനം നിർണായകമാകാറുമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ വംശജർ അധികാരത്തിൽ വരുന്നത് അന്താരാഷ്ട്ര വേദികളിലടക്കം ഇന്ത്യൻ നിലപാടുകൾക്ക് അംഗീകാരം ലഭിക്കാൻ കാരണമാവും. ഏറെ നാളുകളായി യു എൻ രക്ഷാസമിതിയിലടക്കം സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ കരസ്ഥമാക്കുന്നതിനും ഇന്ത്യൻ വംശജർ സഹായമായേക്കാം.