
നായ്ക്കളെയും പൂച്ചകളെയും കുടുംബാംഗങ്ങളെ പോലെ സ്നേഹിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷേ, അവരുടെ സ്നേഹത്തിന്റെ മൂല്യം കണക്കാക്കാൻ ആർക്കും കഴിയില്ല. നിങ്ങൾ ജീവനായി കരുതുന്ന നായയ്ക്കോ പൂച്ചയ്ക്കോ നിങ്ങളുടെ കാലശേഷം എന്ത് നൽകുമെന്ന് ചോദിച്ചാൽ, എന്തായിരിക്കും നിങ്ങളുടെ മറുപടി.
വ്യത്യസ്തനായ ഒരു മൃഗ സ്നേഹിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് യു.എസ്സിലെ ടെന്നെസ്സി സ്വദേശിയായ ബിൽ ഡോറിസ് മരിക്കുന്നത്. ഡോറിസിനൊപ്പം നിഴൽ പോലെ നടന്നിരുന്ന പട്ടിയാണ് ലുലു. എന്നാൽ ഡോറിസും ലുലുവും ഇപ്പോൾ ചർച്ചയാകാൻ കാരണം എന്താണെന്നറിയേണ്ടേ?
ഡോറിസിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശി ഇനി ലുലു എന്ന എട്ട് വയസ്സുള്ള വളർത്തുനായയാണ്. മരിക്കുന്നതിന് മുമ്പ് 5 മില്യൺ ഡോളർ അതായത് ഏകദേശം 36,29,55,250 കോടി ഇന്ത്യൻ രൂപ ലുലുവിന്റെ പേരിൽ ഡോറിസ് വിൽപ്പത്രം എഴുതിയിട്ടുണ്ട് . ഒരു ട്രസ്റ്റിനാണ് ഡോറിസ് പണം നൽകിയിരിക്കുന്നത്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഈ ട്രസ്റ്റിനാണ്. സുഹൃത്തായ മാർത്ത ബർട്ടന്റെ സംരക്ഷണയിലാണ് ലുലു ഇപ്പോൾ കഴിയുന്നത്. ലുലുവിന് ആവശ്യമായ പ്രതിമാസ ചെലവുകൾക്കായി ബർട്ടൺ പണം നൽകണമെന്നും വിൽപ്പത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഡോറിസിന് തന്റെ ജീവനേക്കാൾ പ്രിയങ്കരിയായിരുന്നു ലുലു എന്നാണ് ആത്മാർത്ഥ സുഹൃത്തായ ബർട്ടൻ പറയുന്നത്.
ടെന്നെസിയിലെ സമ്പന്നരിൽ ഒരാളായിരുന്നു ഡോറിസ്. അദ്ദേഹത്തിന്റെ സ്വത്തിന്റെ കൃത്യമായി കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയൊരു നിക്ഷേപം ഡോറിസിന്റെ പേരിലുണ്ടെന്നാണ് ബർട്ടൻ പറയുന്നത്. ബി.ബി.സി, ന്യൂയോർക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ലുലുവിന്റെയും ഡോറിസിന്റെയും വാർത്ത നൽകിയിരിക്കുന്നത്.
വളരെ സൂക്ഷ്മമായിട്ടാണ് ഡോറിസ് വിൽപ്പത്രം തയ്യാറാക്കിയിരിക്കുന്നത്. ലുലുവിന്റെ ഉടമയ്ക്ക് തോന്നിയതുപോലെ പണം ചെലവഴിക്കാൻ കഴിയില്ലെന്ന് വിൽപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. വിൽപത്രത്തിൽ പറയുന്നത് പ്രകാരം ബർട്ടന് മാസം നിശ്ചിത തുക എടുക്കാൻ മാത്രമേ അവകാശമുള്ളൂ. ഒരു പട്ടിക്ക് വേണ്ടി എത്ര തുക മാസം ചെലവാക്കിയാലും 36 കോടിയിലേറെ രൂപ എന്ത് ചെയ്യുമെന്നാണ് വാർത്ത അറിയുന്നവർ ചോദിക്കുന്നത്. വളർത്തുമൃഗത്തിന്റെ പേരിൽ സ്വത്തും ഇഷ്ടദാനവും നൽകിയെന്ന വാർത്തകൾ ഇതിനു മുമ്പും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ടെങ്കിലും ഇത്രയും ഭീമമായ തുക ഒരു പട്ടിയുടെ പേരിൽ എഴുതിവയ്ക്കുന്നത് അത്യപൂർവമാണ്.