
വർണപ്പകിട്ട് മുതൽ ദൃശ്യം വരെ മോഹൻലാലും മീനയും നായിക നായകന്മാരായെത്തിയ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹൻലാലുമായുള്ള കെമിസ്ട്രിയുടെ രഹസ്യമെന്താണെന്ന് ആരാധകർ പലപ്പോഴും നടിയോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മീന.
'എല്ലാവരും ചോദിക്കുന്നുണ്ട് കെമിസ്ട്രിയുടെ രഹസ്യമെന്താണെന്നൊക്കെ. പക്ഷേ സത്യം പറഞ്ഞാൽ എനിക്കറിയില്ല. ഞങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അങ്ങനെയാണ്. ആ കഥാപാത്രങ്ങൾ തന്ന ഇംപാക്ട് വളരെ വലുതായിരുന്നു. അത് ശരിക്കും അനുഗ്രഹമാണ്. വളരെ സന്തോഷം തോന്നുന്നു. ഒരു കംപ്ലീറ്റ് ആക്ടറിനൊപ്പം ചെയ്യുമ്പോൾ, ഈക്വലായിട്ടല്ലെങ്കിലും, കിട്ടുന്ന ഇംപാക്ട് വളരെ സന്തോഷകരമായ കാര്യമാണ്.'-നടി പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീന.
ദൃശ്യം 2 ഫെബ്രുവരി 19നാണ് റിലീസ് ചെയ്യുന്നത്.ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തെപ്പറ്റിയും മീന മനസുതുറന്നു.ജോർജുകുട്ടി ഇപ്പോഴും പിശുക്കൻ തന്നെയാണെന്ന്നടി പറയുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് റാണിക്ക് ഒത്തിരി മാറ്റം വന്നിട്ടുണ്ടെന്ന് മീന കൂട്ടിച്ചേർത്തു.
ദൃശ്യത്തില്‍ റാണി വളരെ ഊര്‍ജ്ജസ്വലയായ കഥാപാത്രമായിരുന്നു. രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ല. ഒരുപാട് പ്രശ്‌നങ്ങള്‍ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോര്‍ജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട്- മീന പറഞ്ഞു.