
അറ്റാക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ ജോൺ എബ്രഹാമിന് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. സംഘട്ടനരംഗത്തിനിടയിൽ ചില്ലുകമ്പി മുഖത്തടിച്ചായിരുന്നു അപകടം. അപകട വിവരം താരം തന്നെയാണ് തന്റെ സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. പരിക്ക് ഗുരുതരമല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജാക്വിലിൻ ഫെർണാണ്ടസും രാകുൽ പ്രീത് സിംഗുമാണ് അറ്റാക്കിലെ നായികുമാർ. നവാഗതനായ ലക്ഷ്യ രാജ് ആനന്ദ് സംവിധാനം ചെയ്യുന്നചിത്രം ശത്രുരാജ്യത്ത് ബന്ദിയാക്കപ്പെട്ട മനുഷ്യരുടെ മോചനത്തിനായി പോരാടുന്ന നായകന്റെ കഥയാണ് പറയുന്നത്. ജയന്തിലാൽ ഗാഡ, അജയ് കപൂർ എന്നിവരുമായി ചേർന്ന് ചിത്രം നിർമ്മിക്കുന്നതും ജോൺ എബ്രഹാമാണ്.ജോൺ എബ്രഹാമിന്റെ പരിക്ക് ഭേദമായാലുടൻ ചിത്രീകരണം പുനഃരാരംഭിക്കുന്ന അറ്റാക്കിന്റെ റിലീസ് തീയതി നിശ്ചയിച്ചിട്ടില്ല. കമൽ ജീത്ത് നേഗിയാണ് അറ്റാക്കിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.