kollam-diary

സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പി.എസ്.സിയെയും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിനെയുമൊക്കെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ പൊടിപൊടിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. ഉദ്യോഗാർത്ഥികളും യുവജനസംഘടനകളും സമരച്ചൂടിൽ നിൽക്കുമ്പോൾ കൊല്ലം ജില്ലയിലും പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു. ഇടതുമുന്നണിയിലെ വല്യേട്ടനായ സി.പി.എമ്മാണ് പിൻവാതിൽ നിയമനത്തിന് നേതൃത്വം നൽകുന്നതെന്ന് കരുതരുത്. രണ്ടാംകക്ഷിയായ സി.പി.ഐയും തങ്ങളാലാവും വിധം സ്വന്തക്കാരെയും പാർട്ടിബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള പരിശ്രമത്തിലാണ്. ദോഷം പറയരുതല്ലോ, ജില്ലയിൽ കൃഷിവകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ പാർട്ട്ടൈം സ്വീപ്പർമാരുടെ 18 ഒഴിവുകളിലേക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് 332 പേരെ അഭിമുഖത്തിന് വിളിച്ചു. എന്നാൽ ഇന്റർവ്യൂ ബോർഡിലുള്ളവരാണ് ശരിയ്ക്കും വെട്ടിലായത്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് പട്ടിക ലഭിച്ചത്‌ മുതൽ മുകളിൽനിന്ന് വിളിയോടുവിളി. മന്ത്രിതലം മുതൽ പാർട്ടി നേതാക്കളിൽ നിന്നുവരെ ശുപാർശയെത്തി. എല്ലാവരുടെയും ശുപാർശ പ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ 332 പേർക്കും നിയമനം നൽകേണ്ടി വരും. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ (ഇ.ആന്റ് ഡി), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡിൽ. ഇനി അഭിമുഖത്തിന്റെ മാനദണ്ഡം നിശ്ചയിച്ചതാണ് ഏറെ തമാശയായി മാറിയത്. ഉദ്യോഗാർത്ഥികളുടെ 'ആറ്റിറ്റ്യൂഡ്" (സമീപനം) ആണ് മാനദണ്ഡമായി നിശ്ചയിച്ചത്. മുൻകാലങ്ങളിൽ ഇതിനായി നടത്തിയ അഭിമുഖത്തിൽ കൃഷിരീതികളെക്കുറിച്ചൊക്കെ ഉദ്യോഗാർത്ഥികളുടെ അഭിരുചി പരിശോധിച്ച് മാർക്ക് നൽകിയായിരുന്നു തിരഞ്ഞെടുപ്പ്. ഏതായാലും 'ആറ്റിറ്റ്യൂഡ്" പരീക്ഷയിൽ വിജയിച്ച് നിയമന ലിസ്റ്റിൽ ഇടം നേടുന്നവർ ശുപാർശക്കാരുടെ ആൾക്കാരായിരിക്കുമെന്ന് ഉറപ്പാണ്. ലിസ്റ്റിൽ ഇടംനേടാത്തവർ നിയമപോരാട്ടത്തിന് ഇറങ്ങിയാൽ ഇന്റർവ്യൂവിന് സ്വീകരിച്ച മാനദണ്ഡം കോടതി കയറിയാലും അത്ഭുതപ്പെടാനാകില്ല.

കെ.എം.എം.എല്ലിൽ നിയമനം

പേഴ്സണൽ സ്റ്റാഫിനും

ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (കെ.എം.എം.എൽ‌) ജൂനിയർ ഖലാസി തസ്തികയിലേക്കുള്ള എട്ട് നിയമനങ്ങളിൽ ഭൂരിപക്ഷവും ലഭിച്ചത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിനും പാർട്ടി ബന്ധുക്കൾക്കുമാണെന്ന് ആരോപണം ഉയരുന്നു . കരുനാഗപ്പള്ളി ലോക്കൽ സെക്രട്ടറിയുടെ മകളുടെ ഭർത്താവ്, ഡി.വൈ.എഫ്.ഐ ഏരിയ നേതാവ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവർക്ക് നേരെയെല്ലാം ആരോപണ മുന നീളുന്നുണ്ട്. നിയമനം നിഷേധിക്കപ്പെട്ട താത്കാലിക ജീവനക്കാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്തിമവിധിക്ക് വിധേയമായിരിക്കും നിയമനമെന്ന ഉത്തരവ് നിലവിലിരിക്കെയാണ് നിയമനം നടത്തിയതെന്നും ആരോപണമുണ്ട്. പെൻഷന് അർഹതയില്ലാത്തതിനാൽ പുതിയ ജോലിതന്നെ തരപ്പെടുത്തി നൽകുകയായിരുന്നു. എട്ട് ഒഴിവുകളിലേക്ക് അൻപതിലേറെപ്പേർ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തിരുന്നു.

മാനദണ്ഡങ്ങളിലും തിരിമറി ?

ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പിൽ അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലും സ്വന്തക്കാരെ തിരുകിക്കയറ്റാൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതായി പരാതിയുയർന്നു. വ്യവസ്ഥാപിത കരാർ പോലുമില്ലാതെ നിയമിച്ച താത്ക്കാലികക്കാരെ തിരുകിക്കയറ്റാനാണ് ഇളവനുവദിച്ചത്. 15 ന് ഇവർക്ക് പരീക്ഷയും നടത്തിയിരുന്നു. മാധ്യമസ്ഥാപനങ്ങളിൽ തുടർച്ചയായി രണ്ടുവർഷം ജോലി ചെയ്തവരെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ പരിഗണിച്ചിരുന്നത്. ലേബർ ഓഫീസർ സ്ഥാപനത്തിലെത്തി ഹാജർ പരിശോധിച്ച് റിപ്പോർട്ട് നൽകുകയും സ്ഥാപനം ചുമതലക്കാർ ഹാജർ സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു. വ്യാജപ്രവൃത്തി പരിചയ സാക്ഷ്യപത്രം നേടി ഒട്ടേറെപേർ ജോലിയിൽ കയറിയതായി പരാതി ഉയർന്നതിനെ തുടർന്നാണ് നിബന്ധന കർശനമാക്കിയത്. ഈ നിബന്ധനയിലാണ് ഇളവ് വരുത്തി സ്വന്തക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടന്നത്.

ഫാമിംഗ് കോർപ്പറേഷൻ,

കെ.ടി.ഡി.സി...... പട്ടിക നീളുന്നു

ഫാമിംഗ് കോർപ്പറേഷനിലും കെ.ടി.ഡി.സിയിലും സപ്ളൈകോയിലുമെല്ലാം പിൻവാതിൽ നിയമന മാമാങ്കം തന്നെയാണ് അരങ്ങേറുന്നത്. സി.പി.ഐ ഭരിക്കുന്ന കൃഷിവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്റെ പുനലൂരിലെ കേന്ദ്ര ഓഫീസിനു മുന്നിൽ ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ കഴിഞ്ഞ ദിവസം സത്യാഗ്രഹം നടത്തി. വയനാട്, കോഴിക്കോട്, എറണാകുളം, കൊല്ലം, പാലക്കാട് തിരുവനന്തപുരം, മലപ്പുറം കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് മറ്റൊരു വഴിയും ഇല്ലാതെ ഇവിടെ സത്യാഗ്രഹത്തിനെത്തിയത്. ഡ്രൈവർ ഗ്രേഡ് 2 / ട്രാക്ടർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ 60 ഓളം പേരെ 2018 ൽ അഭിമുഖം നടത്തി 22 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് നാലുപേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ട്രാക്ടർ ലൈസൻസോ പ്രവർത്തന പരിചയമോ ഇല്ലാത്ത അറ്റൻഡന്റർമാരെ ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി പാർട്ടി ബന്ധുക്കളെ നിയമിക്കുകയും ചെയ്തു. ഒഴിവുകളെല്ലാം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയും ചെയ്തു. എന്നാൽ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന പി.എസ്.സി യുടെ രേഖയുമായാണ് ഉദ്യോഗാർത്ഥികൾ സമരത്തിനെത്തിയത്. ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാൻ പ്രായം കടന്ന തങ്ങൾക്ക് കഴിയില്ലെന്നാണ് ഇവരുടെ രോദനം.

സപ്ളൈക്കോയിൽ 200 ലേറെ ഒഴിവുകളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ നീക്കം നടക്കുന്നതായി സിവിൽ സപ്ളൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഭക്ഷ്യ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ക്ളർക്ക്, യു.ഡി ക്ളർക്ക്, ഹെഡ്ക്ളർക്ക് തസ്തികകളിൽ വർഷം തോറും 10 ശതമാനം വീതം കുറവ് വരുത്തണമെന്ന ഉത്തരവിറങ്ങിയിരുന്നു. ഈ ഒഴിവുകളിൽ പിൻവാതിൽ നിയമനം നടത്താനാണെന്നാണ് ആരോപണം.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ ജില്ലയിലും സമരം വ്യാപിക്കുകയാണ്. എന്നിട്ടും പലവകുപ്പുകളിലും ഇഷ്ടക്കാരെ പരമാവധി തിരുകിക്കയറ്റാനാണ് ഭരണകക്ഷിയിൽപ്പെട്ട പ്രധാന പാർട്ടികളുടെ ശ്രമം. തൊഴിലില്ലായ്മയ്ക്കെതിരെ 'തൊഴിൽ അല്ലെങ്കിൽ ജയിൽ" എന്ന മുദ്രാവാക്യം ഉയർത്തി ഒരുകാലത്ത് സമരം നടത്തിയ യുവജന സംഘടനയായ എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐ യെപ്പോലെ മൗനം പാലിക്കുന്ന കാഴ്ചയാണ് ഉദ്യോഗാർത്ഥികളെ ഏറെ നിരാശരാക്കുന്നത്,