
ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ക്ഷേത്ര നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ നൽകിയത്.
ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹൃദത്തോടെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹബീബ് പറയുന്നു. എല്ലാവരും ഈശ്വരന്റെ മക്കളാണ്. അതുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകുന്നതെന്നും ഹബീബ് വ്യക്തമാക്കി.
മുസ്ലീം വിഭാഗം ഹിന്ദു വിരുദ്ധരും രാജ്യ വിരുദ്ധരുമൊക്കെയായി ഇടയ്‌ക്ക് ചിത്രീകരിക്കപ്പെടുന്നത് തനിക്ക് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന കാര്യമാണ്. മറ്റ് ഏതൊരു ക്ഷേത്രമാണെങ്കിലും താൻ സംഭാവന ചെയ്യും എന്ന് തോന്നുന്നില്ല. എന്നാൽ അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിന് ഏറെ പ്രത്യേകതയുണ്ട്. വർഷങ്ങളായി നിലനിന്ന തർക്കം ഒടുവിൽ പരിഹരിക്കപ്പെട്ട ശേഷമാണ് പുതിയ മന്ദിരത്തിന് ശിലയിട്ടിരിക്കുന്നതെന്നും ഹബീബ് കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുളള സംഭാവന ഇതിനോടകം 1,500 കോടി കടന്നു. ഫണ്ട് ശേഖരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്നരലക്ഷം പ്രവർത്തകരാണ് രംഗത്തിറങ്ങിയത്. വിശ്വ ഹിന്ദു പരിഷത്ത്, ആർ എസ് എസ് പ്രവർത്തകരാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.