
അമിതവണ്ണം കൊണ്ട് പടികയറാനോ അതിവേഗം നടക്കാനോ കഴിയാതെ വല്ലാതെ വിഷമിക്കുന്നവരാണോ നിങ്ങൾ? ഈ വണ്ണം എങ്ങനെ കുറയ്‌ക്കും എന്നാലോചിച്ച് ആശങ്കപ്പെടേണ്ട. ശരിയായ ആഹാരവും ശരിയായ വ്യായാമവും എത്ര വണ്ണത്തെയും കുറച്ച് സുഖകരമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കും.
വണ്ണംവയ്‌ക്കുന്നതിന് പ്രധാനമായും ആഹാരം മാത്രമല്ല കാരണം. പുതിയ തലമുറ ജോലികളും അവയുടെ തരവും അതിന് കാരണമാകാം. ഏത് ഷിഫ്‌റ്റിലാണ് ജോലി ചെയ്യുന്നത് എന്നതും, നന്നായി ഉറങ്ങുന്നുണ്ടോ എന്നതും ശരീരഭാരം കൂടാൻ കാരണമാകാവുന്ന വസ്‌തുതകളാണ്. ഇവയോടൊപ്പം തന്നെ പ്രധാനമായ ഒരു വസ്‌തുത കൂടി ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. നമ്മുടെ രക്തഗ്രൂപ്പ്. പലതരം രക്തഗ്രൂപ്പുകൾ രോഗത്തെ പ്രതിരോധിക്കുന്നതിനോ എളുപ്പം ബാധിക്കുന്നതിനോ കാരണമാകാം. ഇത് ശരീരഭാരം കുറയ്‌ക്കാനുളള ശ്രമങ്ങളെ ബാധിക്കാം.
അമേരിക്കൻ പ്രസിദ്ധീകരണമായ ക്ളിനിക്കൽ ന്യൂട്രീഷ്യനിൽ വന്ന പഠനം അനുസരിച്ച് ചില ഗ്രൂപ്പുകാർക്ക് വണ്ണം കുറയ്‌ക്കാൻ നല്ലതെന്നു പറയുന്ന ആഹാരം മറ്റ് ചില ഗ്രൂപ്പുകാർക്ക് വണ്ണം കുറയ്‌ക്കാൻ പര്യാപ്‌തമല്ല.പിഎൽഒഎസ് നടത്തിയ മറ്റൊരു പഠനത്തിൽ ചില തരം നിയന്ത്രിതമായ ഭക്ഷണങ്ങൾ ജനങ്ങളിൽ വണ്ണംകുറയാൻ സഹായിക്കുന്നുണ്ട്. എന്നാൽ അതിൽ രക്തഗ്രൂപ്പ് അടിസ്ഥാനമാക്കിയല്ല ഫലങ്ങൾ ഉണ്ടായത്. മറ്റ് പഠനങ്ങളിലും ശരീരഭാരം കുറയ്‌ക്കാനുളള ആഹാരവും രക്തഗ്രൂപ്പുകളും തമ്മിൽ ബന്ധം കണ്ടെത്താനായില്ല.
ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടില്ലെങ്കിലും രോഗങ്ങൾക്ക് രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതിനാൽ പ്രത്യേകതരം ഭക്ഷണം ശീലമാക്കണമെന്നും ചിലർ കരുതുന്നു. ഓരോ ഗ്രൂപ്പുകാർക്കും കഴിക്കേണ്ട ആഹാരം ഇതെല്ലാമാണ്.
എ ഗ്രൂപ്പ്: ഏറിയ പങ്കും പച്ചക്കറികൾ തന്നെ ഇവർ കഴിക്കണം. കൂട്ടത്തിൽ ഏറ്റവും പുതിയതും നല്ലതുമായ പച്ചക്കറികൾ തന്നെ കഴിക്കണം.
ബി ഗ്രൂപ്പ്: ഇലക്കറികളാണ് ഇത്തരക്കാർ കൂടുതൽ കഴിക്കേണ്ടത്. ഒപ്പം പഴങ്ങൾ, പാൽ, മുട്ട, ആട്-ചെമ്മരിയാട് എന്നിവയുടെ മാസം കഴിക്കാം. എന്നാൽ ചോളം, ഗോതമ്പ്,മുതിര, പയർ,തക്കാളി, പീനട്ട്, എളള്,ചിക്കൻ എന്നിവ കഴിക്കാനേ പാടില്ല.
ഒ ഗ്രൂപ്പ്: പ്രോട്ടീൻ അധികമായുളള ആഹാരമാണ് ഒ ഗ്രൂപ്പുകാർ കഴിക്കേണ്ടത്. മാംസം, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം എന്നിവ കഴിക്കാം. എന്നാൽ ധാന്യങ്ങൾ, പയർ വർഗങ്ങൾ, അച്ചിങ്ങ എന്നിവ കഴിക്കരുത്.
എബി ഗ്രൂപ്പ്: പനീർ,പാൽ വിഭവങ്ങൾ, ഇലക്കറികൾ, കടൽ വിഭവങ്ങൾ എന്നിവ കഴിക്കാം. എന്നാൽ കഫീൻ, മദ്യം, കേടുകൂടാതെ സൂക്ഷിച്ചതോ മൊരിച്ചതോ ആയ മാംസവും കഴിക്കരുത്.
കൃത്യമായ അളവിലുളള ഭക്ഷണമാണ് ശരിയായ ഭക്ഷണം. എന്നാൽ എല്ലാ പ്രായക്കാരിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. പാകം ചെയ്‌ത പുത്തൻ തലമുറ ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണം എന്നിവയൊക്കെ ഒഴിവാക്കണം. മാത്രമല്ല വിദഗ്‌ദ്ധരായ ഡോക്‌ടർമാരുടെ കൃത്യമായ നിരീക്ഷണവും വേണം.