
തിരുവനന്തപുരം: നഗരത്തിലെത്തുമ്പോൾ ഇനി മൂത്രശങ്ക തോന്നിയാൽ ആശങ്കപ്പെടേണ്ട. ഉടൻ തന്നെ വൃത്തിയുള്ളതും സൗകര്യങ്ങളുള്ളതുമായ ടോയ്‌ലറ്റുകൾ ഉടൻ നഗരസഭ സ്ഥാപിക്കും. സംസ്ഥാന സർക്കാരിന്റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങൾ, ടോയ്ലറ്റുകൾ എന്നിവ ഒരുക്കുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
നഗരത്തിലെത്തുന്നവർക്ക് മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്ന പരാതി കാലങ്ങളായി നഗരസഭ കേൾക്കുന്നതാണ്. സ്ത്രീകൾക്കായി ഷീ ടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും അവയൊന്നും തന്നെ പരാതി പരിഹരിക്കാൻ പോന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്.
നഗരത്തിൽ ഇപ്പോഴുള്ള ടോയ്‌ലറ്റുകളാകട്ടെ പലതും നാശത്തിന്റെ വക്കിലണ്. ഉപയോഗയോഗ്യമായവയാകട്ടെ വൃത്തിഹീനവുമാണ്. പ്രതിദിനം ഇവ ശുചീകരിക്കാത്തതിനാൽ തന്നെ ജനങ്ങൾ ഈ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ മടി കാണിക്കുകയാണ്.
 ഫണ്ട് സർക്കാരിന്റേത്
സംസ്ഥാന സർക്കാരിന്റെ ഫണ്ടാണ് ടോയ്ലറ്റ് നിർമ്മാണത്തിനായി ചെലവിടുന്നത്. ടോയ്ലറ്റ് സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കോർപ്പറേഷനാണ് കണ്ടെത്തി നൽകുന്നത്. തുടർന്നുള്ള നിർമ്മാണങ്ങളും കോർപ്പറേഷന്റെ നേതൃത്വത്തിലായിരിക്കും.
 ടോയ്ലറ്റുകൾ ഇവിടങ്ങളിൽ
ആദ്യഘട്ടത്തിൽ പേരൂർക്കട, പാപ്പനംകോട്, ഫോർട്ട്, വികാസ് ഭവൻ എന്നിവിടങ്ങളിലാണ് ടോയ്ലറ്റുകൾ നിർമ്മിക്കുന്നത്. ഇവയിൽ പേരൂർക്കടയിലും ഫോർട്ടിലെയും ടോയ്ലറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പാപ്പനംകോട്, വികാസ് ഭവൻ എന്നിവിടങ്ങളിൽ ടോയ്ലറ്റുകൾ പണിയുന്നതിനായി കെ.എസ്.ആർ.ടി.സിയുമായി ചർച്ചകൾ നടന്നുവരികയാണ്. ആവശ്യമായ എണ്ണം ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനായുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ആൾക്കാർ കൂടുതലായി എത്തുന്ന ഇടങ്ങളിലാണ് കൂടുതൽ ടോയ്ലറ്റുകൾ നിർമ്മിക്കുകയെന്നും അവർ വ്യക്തമാക്കി.
 ടോയ്ലറ്റുകൾ ശുചിയാക്കും
നഗരത്തിൽ നിലവിലുള്ള ടോയ്ലറ്റുകൾ എല്ലാം തന്നെ അറ്റകുറ്റപ്പണി നടത്താനും ശുചിയാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നഗരത്തിലെ ടോയ്‌ലറ്റുകളുടെ എണ്ണം എത്രയെന്ന് കണക്കെടുത്ത് അറിയിക്കാൻ ബന്ധപ്പെട്ടവരോട് മേയർ നിർദ്ദേശിച്ചു. കരാറുകാർക്കാണ് ടോയ്ലറ്റുകളുടെ നടത്തിപ്പ് എന്നതിനാൽ തന്നെ ഇവയുടെ പ്രവർത്തനം പുനരവലോകനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ശോചനീയവസ്ഥയിലുള്ള ടോയ്ലറ്റുകൾ കരാറുകാരെക്കൊണ്ട് തന്നെ അറ്റകുറ്റപ്പണികൾ നടത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.