
എട്ടുവിക്കറ്റുകളും സെഞ്ച്വറിയും നേടി അശ്വിൻ മാൻ ഒഫ് ദ മാച്ച്
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനസാദ്ധ്യത നിലനിറുത്തി
ചെന്നൈ : ആദ്യ ടെസ്റ്റിൽ 227 റൺസിന് തങ്ങളെ തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ടിന് അതേ വേദിയിലെ രണ്ടാം ടെസ്റ്റിൽ 317 റൺസിന്റെ തിരിച്ചടി നൽകി ഇന്ത്യ.സ്പിൻ ബൗളിംഗിന് അത്യുഗ്രൻ പിന്തുണ നൽകിയ ചെപ്പോക്കിലെ പിച്ചിൽ ഇരു ഇന്നിംഗ്സുകളിലും സന്ദർശകരെ കുറഞ്ഞ സ്കോറിൽ ആൾഔട്ടാക്കിയാണ് ഇന്ത്യ വൻ വിജയം ആഘോഷിച്ചത്. ഇതോടെ നാലുമത്സരപരമ്പര 1-1ന് സമനിലയിലാക്കിയ ഇന്ത്യ വിജയശരാശരിയിൽ രണ്ടാമതെത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനസാദ്ധ്യത സജീവമായി നിലനിറുത്തുകയും ചെയ്തു. പകൽ/രാത്രി മത്സരമായി 24ന് അഹമ്മദാബാദിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.
ഇംഗ്ളണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകളും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ച്വറിയും(106) നേടി ആൾറൗണ്ട് മികവുകൊണ്ട് അത്ഭുതം കാട്ടിയ ചെന്നൈപ്പയ്യൻ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ വിജയശിൽപ്പി. രോഹിത് ശർമ്മ ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിയുമായി(161) മികവുകാട്ടിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ ഉപനായകൻ രഹാനെയും(67)റിഷഭ് പന്തും (58 )രണ്ടാം ഇന്നിംഗ്സിൽ നായകൻ കൊഹ്‌ലിയും (62) അർദ്ധസെഞ്ച്വറികൾ നേടി. അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയ അക്ഷർ പട്ടേൽ ആദ്യ ഇന്നിംഗ്സിൽ രണ്ടും വിക്കറ്റുകൾ നേടിയിരുന്നു.അശ്വിനാണ് മാൻ ഒഫ് ദ സിരീസ്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 329 റൺസാണ് നേടിയിരുന്നത്. ഇംഗ്ളണ്ടിന്റെ മറുപടി 134ൽ അവസാനിപ്പിച്ചശേഷം രണ്ടാം ഇന്നിംഗ്സിൽ 286 റൺസ് കൂടി ഇന്ത്യ നേടിയിരുന്നു. ഇതോടെ 482 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിനെ മൂന്നാം ദിവസമായ ഇന്നലെ ലഞ്ചിന് തൊട്ടുപിന്നാലെ 164 റൺസിന് ആൾഔട്ടാക്കിയാണ് ഇന്ത്യ സുനിശ്ചിതമായ വിജയത്തിലേക്ക് എത്തിയത്.
53/3 റൺസുമായി ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇംഗ്ളണ്ട് 111 റൺസ് കൂടി നേടുന്നതിനിടെ ആൾഔട്ടാവുകയായിരുന്നു.26 റൺസെടുത്ത ഡാൻ ലോറൻസിനെ അശ്വിന്റെ ബൗളിംഗിൽ അത്യുജ്ജ്വലമായി സ്റ്റംപ് ചെയ്ത റിഷഭ് പന്താണ് ഇന്നലെ രാവിലെ സന്ദർശകർക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തുടർന്ന് ജോ റൂട്ടും (33) ബെൻ സ്റ്റോക്ക്സും (8) കുറച്ചുനേരം പിടിച്ചുനിന്നു.അശ്വിൻ തന്നെ സ്റ്റോക്ക്സിനെ സ്ളിപ്പിൽ കൊഹ്‌ലിയുടെ കയ്യിലെത്തിച്ചു. തുടർന്ന് അക്ഷർ പട്ടേലും കുൽദീപും ചേർന്ന് ഇംഗ്ളണ്ടിനെ ഫിനിഷ് ചെയ്തു.റൂട്ടിനെയും ഒല്ലീ പോപ്പിനെയും (12)ഒല്ലീ സ്റ്റോണിനെയും (0) അക്ഷർ പുറത്താക്കിയപ്പോൾ ബെൻ ഫോക്സിനെയും (2) മൊയീൻ അലിയെയും (43) കുൽദീപും മടക്കി അയച്ചു. 18 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 43 റൺസടിച്ചുകൂട്ടിയ മൊയീൻ അലിയാണ് അവസാനവിക്കറ്റിൽ ബ്രോഡിനൊപ്പം 38 റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ളണ്ടിനെ 150 കടത്തിയത്.