
പട്ന : പതിനൊന്ന് വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. ബീഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഒരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് വധിശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സ്കൂൾ അദ്ധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിന് വിധിക്കുകയും അരലക്ഷം പിഴ ഈടാക്കുകയും ചെയ്തു.
2018 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്നയിലെ മിത്രാമണ്ഡൽ കോളനിയിലെ ന്യൂ സെൻട്രൽ പബ്ലിക് സ്‌കൂളിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥിനിയെ തുടർച്ചയായി പീഡിപ്പിച്ചത്. സ്‌കൂൾ കെട്ടിടത്തിൽ വച്ച് ആറ് മാസത്തിനിടെ ആറ് തവണയാണ് ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. തുടർന്ന് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത്. സാധാരണ കുടുംബത്തിൽ പെട്ട പെൺകുട്ടിയുടെ പിതാവ് കൂലിപണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.
പ്രതി ചെയ്ത കുറ്റകൃത്യം പരിഗണിക്കുമ്പോൾ എനിക്ക് വധശിക്ഷയേക്കാൾ കുറവുള്ള ശിക്ഷയാണ് നൽകാൻ കഴിയാത്തതെന്ന് വിധി പ്രസ്താവിക്കവേ ജഡ്ജി പറഞ്ഞു. പീഡനകേസ് പൊലീസ് രജിസ്റ്റർ ചെയത ശേഷം കോടതിയുടെ അനുമതിയോടെ പെൺകുട്ടി ഗർഭച്ഛിദ്രത്തിന് വിധേയയായിരുന്നു. പീഡനവിവരം പുറത്തുവന്നതോടെ സ്‌കൂൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.