
തൃശൂർ : ഇന്ന് മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുകയാണ്. ഫാസ്ടാഗില്ലാതെ എത്തുന്നവരിൽ നിന്നും ഇരട്ടി തുക ഈടാക്കാനാണ് തീരുമാനം. എന്നാൽ ഫാസ്ടാഗിൽ 2900 രൂപയോളം ഉണ്ടായിരുന്ന കാർ ഉടമയെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി തൃശൂർ ടോൾ പ്ലാസയിൽ ബുദ്ധിമുട്ടിച്ചതായി പരാതി. കുഴൂർ കൊടിയൻ വീട്ടിൽ കെ.ഡി. ജോയിയെയാണ് ടോൾപ്ലാസയിൽ തടഞ്ഞുനിർത്തിയത്.
ടോൾബൂത്തിൽ പ്രവേശിച്ച ജോയിയുടെ കാറിലെ ഫാസ് ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിതുക പിഴ ആവശ്യപ്പെട്ട് ടോൾ ബൂത്ത് ജീവനക്കാർ വാഹനം തടയുകയായിരുന്നു. അക്കൗണ്ടിലെ ബാലൻസ് ജീവനക്കാരെ കാണിച്ചുവെങ്കിലും ഇവർ പിഴ നൽകണമെന്ന് വാദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജോയിയുടെ ലൈസൻസ് ബലമായി ഇവർ പിടിച്ച് വയ്ക്കുകയും ചെയ്തു. ജോയിയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്തവരും ബൂത്ത് ജീവനക്കാരുടെ പിടിവാശിമൂലം ഏറെ വലഞ്ഞു. തുടർന്ന് ജോയി പുതുക്കാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി രേഖാമൂലം നൽകി ഫാസ്ടാഗ് അക്കൗണ്ടിൽ 2900 രൂപ ബാക്കിയുള്ളതിന്റെ രേഖയും കാണിച്ചു. ഇതോടെ പൊലീസ് ടോൾ പ്ലാസ അധികൃതരെ വിളിച്ചു വരുത്തി ലൈസൻസ് തിരികെ വാങ്ങി നൽകുകയായിരുന്നു.