
കോഴിക്കോട്: ആറുമാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഉറങ്ങുന്നതിനിടെ യുവാവ് കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടിക്കല്ലിങ്ങൽ കുട്ട്യാലിയുടെ മകൻ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) കഴുത്തറുത്ത് കൊന്നത്. ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും ബഹളം കേട്ട് അടുത്ത മുറിയിൽ നിന്ന് മാതാപിതാക്കൾ എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ അനുസരിച്ചില്ല. തുടർന്ന് ഇവർ അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കഴുത്തിൽ നിന്നും ചോരവാർത്ത നിലയിൽ രക്തത്തിൽ കുളിച്ചു കിടന്ന മുഹ്സിലയെ ഉടൻ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഷഹീറിനെ ബന്ധുക്കൾ പിടികൂടി മുക്കം പൊലിസിനു കൈമാറി.
ആറു മാസം മുമ്പാണ് ഇവർ വിവാഹിതരായത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. അടുത്ത ദിവസമാണ് ഇവർ സ്വന്തം വീട്ടിൽനിന്ന് ഭർതൃ വീട്ടിലേക്ക് മടങ്ങി എത്തിയത്. ഏതാനും ദിവസങ്ങളായി ഷഹീർ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രവാസിയായ യുവാവ് മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് നാട്ടിൽ പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടു വരികയായിരുന്നു. പ്രതിയ്ക്ക് മാനസിക അസ്വസ്ഥമുള്ളതായി അറിയുന്നു.
കഴുത്തിനും തലയിലുമാണ് കുത്തേറ്റത്. ഭർത്താവും ഉമ്മയും ബാപ്പയുമാണ് ഈ വീട്ടിൽ താമസം. കഴിഞ്ഞ ദിവസമാണ് മുഹ്സില ചൂടാത്തിപ്പാറയിലെ വീട്ടിൽ പോയി മടങ്ങിയതെന്ന് അയൽ വാസികൾ പറയുന്നു. 15 കിലോ മീറ്റർ ദൂരമാണ് ഇരുവീടുകളും തമ്മിലുള്ളത്. ഗൾഫിൽ പോകും മുൻപ് പ്രതിയ്ക്ക് മണൽ കടത്തുകാരനായിരുന്നു തൊഴിൽ. ഇയാളുടെ ഇരട്ട സഹോദരങ്ങളായ രണ്ട് ജേഷ്ടന്മാരും വേറെയാണ് താമസം.