shibu-kumar

തിരുവനന്തപുരം: മുണ്ടക്കയത്ത് കുടുംബ പ്രശ്നം തീർപ്പാക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സി.ഐ ഷിബുകുമാർ വിജിലൻസിന്റെ പിടിയിലാകുന്നത് രണ്ടാം തവണ. സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച് കഴക്കൂട്ടത്ത് ആദ്യ നിയമനം ലഭിച്ചതിന് പിന്നാലെ കഴക്കൂട്ടത്ത് പരാതിക്കാരനിൽ നിന്ന് അരലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ

2014 ലാണ് ഷിബുകുമാർ ആദ്യം വിജിലൻസ് പിടിയിലായത്. ഇടനിലക്കാരനായ പ്രസാദിനെയാണ് തൊണ്ടിപ്പണവുമായി വിജിലൻസ് അന്ന് പിടികൂടിയത്.

പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോൺ കോൾ വിശദാംശങ്ങൾ തെളിവായി സ്വീകരിച്ചും ഷിബുകുമാറിനെയും പ്രതിയാക്കി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം കുടുംബപ്രശ്നം ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് കന്റീൻ നടത്തിപ്പുകാരനെ ഇടനിലക്കാരനാക്കി അര ലക്ഷം രൂപ ഇന്നലെ കൈക്കൂലിയായി വാങ്ങി വീണ്ടും അകത്തായത്.

മുണ്ടക്കയം എസ്എച്ച്ഒ കൊല്ലം ശാസ്താംകോട്ട വിശാഖത്തിൽ വി.ഷിബുകുമാർ (46), പൊലീസ് സ്റ്റേഷൻ കന്റീൻ നടത്തിപ്പുകാരൻ സുദീപ് ജോസഫ് (39) എന്നിവരെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ മേധാവി വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂട്ടിക്കൽ സ്വദേശിയായ എക്സ് സർവീസുകാരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം ആവശ്യപ്പെട്ടത്. ഇയാളുടെ അച്ഛനും അമ്മയും സഹോദരനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപ് ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്തു.

കോടതി മുഖാന്തരം ജാമ്യം നേടിയ ഇയാൾ ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയപ്പോൾ ഷിബുകുമാർ വാഹനത്തിന്റെ ആർ.സി ബുക്ക് വാങ്ങിവച്ചു. ഇതിന്റെ പേരിൽ യുവാവിനെ പതിവായി സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു കന്റീൻ നടത്തിപ്പുകാരൻ സുദീപ് ഇടപെട്ട് സംഭവം ഒതുക്കിത്തീർക്കാൻ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ച് വാഹനം തിരികെ നൽകുന്നതിന് ഒന്നര ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനും കരാറുകാരനും ആവശ്യപ്പെട്ടത്. പിന്നീട് ഒരു ലക്ഷം രൂപ നൽകിയാൽ കേസ് ഒതുക്കാമെന്നും ധാരണയായി. ഇതോടെ എക്സ് സർവീസ് ഉദ്യോഗസ്ഥൻ വിജിലൻസുമായി ബന്ധപ്പെട്ടു.

ഇന്നലെ വൈകിട്ട് നാലോടെ ആദ്യഗഡുവായ അര ലക്ഷം രൂപ കൊടുക്കുന്നതിനായി എക്സ് സർവീസ് ഉദ്യോഗസ്ഥൻ മുണ്ടക്കയം സ്റ്റേഷനു മുന്നിലെ ക്വാർട്ടേഴ്സിൽ എത്തി. ഫിനോഫ്തലിൻ പൗഡർ വിതറിയ നോട്ടുകൾ ഉൾപ്പെടെയുള്ള തുക ഇയാൾ സുദീപിനു കൈമാറി. സുദീപ് ക്വാർട്ടേഴ്സിലെത്തി തുക ഷിബുകുമാറിനു കൈമാറി.പിന്നാലെ എത്തിയ വിജിലൻസ് എസ്. പി വി.ജി.വിനോദ്കുമാർ, യൂണിറ്റ് ഡിവൈ.എസ്പി പി.ജി.രവീന്ദ്രനാഥ്, റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, എസ്.ഐമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, ടി.കെ. അനിൽകുമാർ, പ്രസന്നകുമാർ, കെ. സന്തോഷ്‌കുമാർ, സന്തോഷ് തുടങ്ങിയവരുടെ സംഘം ക്വാർട്ടേഴ്സിൽ കയറി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഷിബുകുമാറിനെയും കൂട്ടാളിയെയും വൈദ്യപരിശോധനയ്ക്കും നടപടികൾക്കും ശേഷം ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഷിബുകുമാറിനെ പിരിച്ചുവിടും

കൈക്കൂലിക്കേസിൽ വീണ്ടും പിടിയിലായതോടെ മുണ്ടക്കയം സി.ഐ ആയിരുന്ന ഷിബുകുമാറിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടുമെന്ന് സൂചന. കഴക്കൂട്ടത്ത് വിജിലൻസ് പിടിയിലായശേഷം സുപ്രധാന തസ്തികകളിൽ ഇരുത്താൻ പാടില്ലെന്ന് വിജിലൻസ് മേധാവി ഉത്തരവിട്ടിരുന്നയാളാണ് ഷിബുകുമാർ. എന്നാൽ കൈക്കൂലിക്കേസിൽ ജാമ്യത്തിലിറങ്ങി സസ്‌പെഷൻ കാലാവധി കഴിഞ്ഞശേഷം മുല്ലപ്പെരിയാർ എസ്.എച്ച്.ഒയായി നിയമനം നേടിയ ഷിബുകുമാർ അവിടെ നിന്ന് പിന്നീട് മേലുദ്യോഗസ്ഥരെ സ്വാധീനിച്ച് പീരുമേട്, തൊടുപുഴ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒയായി വിലസി. രണ്ടാഴ്ച മുമ്പാണ് മുണ്ടക്കയത്തെത്തിയത്. സി.ഐയായി ചുമതലയേറ്റതിന് പിന്നാലെ തന്റെ പരിഗണനയ്ക്ക് വന്ന കുടുംബ പ്രശ്നത്തിലാണ് യുവാവിനെ വിരട്ടി കൈക്കൂലി വാങ്ങിയത്. അറസ്റ്റിലായതിനെ തുടർന്ന് ഷിബുകുമാറിന്റെ ക്വാർട്ടേഴ്സിലും കൊല്ലം ശാസ്താംകോട്ടയിലെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. കൈക്കൂലിക്കേസിൽ വീണ്ടും പിടിക്കപ്പെടുകയും റിമാൻഡിലാകുകയും ചെയ്തതോടെ ഷിബുകുമാറിനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഉടൻ സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.