narendra-modi

ന്യൂഡൽഹി: രാജ്യത്തെ ഓരോ പൗരന്റേയും പുരോഗതിയും സ്വയംപര്യാപ്‌തതയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ ചെറുകിട കൃഷിക്കാർക്കായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരായ സമരം 83 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച മോദിയുടെ പ്രതികരണം.

രാഷ്ട്രീയ താത്പര്യം മുൻനിർത്തി കാർഷിക നിയമങ്ങളെ കുറിച്ച് ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമർശിച്ചു. മുമ്പ് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നവരാണ് ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകുന്നതിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സമിത്വ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 12,000 ഗ്രാമങ്ങളിൽ ഡ്രോൺ സർവേ നടന്നുകഴിഞ്ഞു. ഇതിൽ രണ്ടുലക്ഷം കുടുംബങ്ങൾക്ക് രേഖകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെ ഭൂമി സംരക്ഷിക്കുന്നതിന് ആദ്യമായാണ് ഒരു പദ്ധതി നടപ്പാക്കപ്പെടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.