
ബീജിംഗ്: വ്യാജ കൊവിഡ് വാക്സിൻ നിർമ്മിച്ച് വില്പന നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഉപ്പുലായനിയും മിനറൽ വാട്ടറുമാണ് കൊവിഡ് വാക്സിൻ എന്നപേരിൽ സംഘത്തിലെ തലവനായ കോങ് വില്പനനടത്തിയത്. തട്ടിപ്പിലൂടെ കോങ് ഉൾപ്പെടെയുള്ള സംഘം ഏകദേശം 18 മില്യൺ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടം ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. നിരവധി പേരാണ് ഇത്തരത്തിൽ വ്യാജ കൊവിഡ് വാക്സിന്റെ കുത്തിവെപ്പ് സ്വീകരിച്ചത്. വ്യാജവാക്സിനാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം യഥാർഥ വാക്സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ വാക്സിനുകൾ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ വ്യാജ വാക്സിനുകളുടെ നിർമാണം ആരംഭിച്ചിരുന്നു. ഇതിൽ 600 ബാച്ച് വാക്സിനുകൾ നവംബറിൽ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്സിൻ കടത്തി.
വ്യാജ വാക്സിനുകളുമായി ബന്ധപ്പെട്ട് കോങ് ഉൾപ്പെടെ എഴുപതോളം പേരെയാണ് ചൈനയിൽ പിടികൂടിയിട്ടുള്ളത്. ഉയർന്ന വിലയ്ക്ക് വ്യാജ വാക്സിനുകൾ ആശുപത്രിയിൽ വിറ്റവരും നാട്ടുവൈദ്യന്മാരെ ഉപയോഗിച്ച് ഗ്രാമങ്ങളിൽ കുത്തിവെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം പിടിയിലായവരിൽ വീടുകൾ കേന്ദ്രീകരിച്ച് വ്യാജ വാക്സിൻ കുത്തിവെയ്പ്പ് നൽകിയവരുമുണ്ട്..
വ്യാജ വാക്സിനുകൾ വൻതോതിൽ വിപണിയിലെത്തുന്നതിനാൽ ഇതിനെതിരേ ശക്തമായ ജാഗ്രത പുലർത്തണമെന്നാണ് അധികൃതരുടെ നിർദേശം. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താൻ പ്രാദേശിക ഏജൻസികൾ പൊലീസുമായി സഹകരിക്കണമെന്ന് സുപ്രീം പീപ്പിൾസ് പ്രോക്യുറേറ്റ് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയിൽ ഇതുവരെ നാലു കോടി പേർക്ക് മാത്രമാണ് വാക്സിൻ നൽകിയതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 12, ചൈനീസ് പുതുവത്സരദിനത്തിന് മുമ്പ് 10 കോടി ഡോസ് വാക്സിനുകൾ നൽകാൻ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും കഴിഞ്ഞില്ല. അതേസമയം, കർശനമായ ലോക്ക്ഡൗണിലൂടെയും സാമ്പിൾ പരിശോധനകളിലൂടെയും ട്രേസിങ്ങിലൂടെയും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെന്നാണ് അധികൃതരുടെ വിലയിരുത്തൽ.