ee

സഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന സ്ഥലമായിരുന്നു കാശ്‌മീർ. എന്നാൽ ഭീകരവാദ പ്രശ്നങ്ങളും മറ്റനിഷ്ട സംഭവങ്ങളും അങ്ങോട്ടു പോകുന്നതിൽ നിന്നും ജനത്തെ പിന്തിരിപ്പിച്ചു. അതോടെ കൂടുതൽ സുരക്ഷിതമായ സ്ഥലമെന്നരീതിയിൽ ജനം ഊട്ടിയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. യൂറോപ്യൻ കാലാവസ്ഥയുള്ള ഇവിടെ ഇംഗ്ലീഷ് വെജിറ്റബിളുകളായ കാബേജ് ,കാരറ്റ് , കോളീഫ്ളവവർ ,ടർണിപ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഒപ്പം പലതരം പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നാടുകൂടിയാണ് ഇവിടം.മാത്രമല്ല പുഷ്പകൃഷിയും (ഫ്ളോറികൾച്ചറൽ) ഇവിടെ വ്യാവസായിക അടിസ്ഥാനത്തിൽ നടത്തിവരുന്നു. പല വലിപ്പത്തിലും നിറങ്ങളിലും ഉള്ള ചെടികളും പൂക്കളും വളരുന്ന ഇവിടം ബോട്ടണി വിദ്യാർത്ഥികളുടെ ഒരു നിത്യസന്ദർശക കേന്ദ്രമാണ്. ഇവിടെനിന്നും പകർത്തിയ വിചിത്രമായ ഒരു ജോഡി ലൗ ബേർഡ്സിന്റെ കാര്യമാണ് ഇത്.

വീട്ടിൽ വളർത്തുന്ന വിവിധ വർണങ്ങളിലെ പക്ഷികളെ പൊതുവെ നമ്മൾ ലൗ ബേർഡ്സ് എന്നാണു പറയുക. ജോഡികളായി സാധാരണ നമ്മുടെ ചുറ്റുപാടുകളിൽ പറന്നുനടക്കുന്ന ഇണപ്പക്ഷികളെയും നമ്മൾ അങ്ങനെ പറയാറുണ്ട്. എന്നാൽ ഇവ മറ്റൊന്നാണ് . പലതരത്തിലും ആകൃതിയിലുമുള്ള രൂപങ്ങൾ പ്രകൃതിൽ നമുക്ക് കാണാൻ കഴിയും. ചെടികളാകട്ടെ ഇലകളോ പൂക്കളോ ആകട്ടെ അവയുടെ യഥാർത്ഥ രൂപമല്ലാതെ വിചത്രമായ പല ആകൃതികളുമായി നമുക്ക് തോന്നിക്കും. വിപരീത ചുറ്റുപാടുകളിൽ നിന്നോ ശത്രുക്കളിൽ നിന്നോ രക്ഷപ്പെടാൻ പ്രകൃതി അവയ്‌ക്ക് നൽകിയിരിക്കുന്ന ഒരു സംരക്ഷണ വലയമാണ് ഇത്.

ഇണപ്പക്ഷികളെപ്പോലെ ഏതാണ്ട് സിമട്രിക്കലായി മുട്ടിയുരുമ്മി നില്ക്കുന്ന ഓർക്കിഡ് പൂക്കൾ. ഫ്ളൈകാച്ചർ എന്നപേരിൽ അറിയപ്പെടുന്ന ഇതിന്റെ ശരിയായ പേര് സ്റ്റെനോഫിയ ഓർക്കിഡ് എന്നാണ് .ജോഡികളായി മാത്രം വിരിയുന്ന ഇവയുടെ പൂങ്കുലയിൽ സാധാരണ എട്ടുമുതൽ പന്ത്രെണ്ണം വരെയാണ് ഉണ്ടാവുക. ഈച്ച, പാറ്റ തുടങ്ങിയ ചെറിയ പ്രാണികളെ പിടിച്ചു തിന്നുന്ന പക്ഷിവർഗത്തെയാണ് ഫ്ളൈകാച്ചർ എന്ന് പറയുന്നത് . ഏതാണ്ട് അതേ ആകൃതിയിലാണ് ഈ പൂക്കളും കാണപ്പെടുന്നത് . കണ്ണും ചുണ്ടും വാലും ചിറകും എല്ലാം പക്ഷിയെപ്പോലെ യഥാസ്ഥാനങ്ങളിൽ കാണാം. വിട്ടിൽ പോലെ ഏതോ ജീവിയെ ചുണ്ടിൽ കടിച്ചുപിടിച്ചിരിക്കുന്നു. വളരെ അപൂർവ്വമായ ഇതിന് സവാള ഉള്ളിയുടെ ആകൃതിയുള്ള ഒരുതരം കിഴങ്ങാണ് ഉള്ളത്. തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടികളിൽ നിന്നും താഴേക്കാണ് ഇവ വളരുന്നതും പൂങ്കുല വരുന്നതും. വളരെ മൈൽഡായ ഒരു മാസ്‌മരിക മണം ഇതിനുണ്ടെന്നുള്ളത് ആകൃതിപോലെ ആരെയും ആകർഷിക്കാൻ പോരുന്നവയാണ്. അവരുടെ ടെന്റിൽ കെട്ടിയിരുന്ന കറുത്ത പ്ലാസ്റ്റിക്ക് ഷീറ്റ് ബാക്ക്ഗ്രൗണ്ടിൽ വരത്തക്ക രീതിയിൽ ഡേ ലൈറ്റിൽ എടുത്തതാണ് ഈ ചിത്രം.