china

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ പിന്മാറുന്നതായി വിവരം. ഇന്ത്യൻ സൈന്യം ഇന്ന് പുറത്തുവിട്ട ഒന്നിലധികം വീഡിയോകളും ചിത്രങ്ങളും തടാകത്തിന്റെ ഇരുകരകളിലുമുളള ചൈനീസ്, ഇന്ത്യൻ സേനകൾ തമ്മിലുളള പിന്മാറ്റം തുടരുന്നതായി വ്യക്തമാക്കുന്നു. പടിഞ്ഞാറൻ ഹിമാലയത്തിലെ തടാക പ്രദേശത്തിന്റെ കരയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും ധാരണയായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

china

ചൈനീസ് സൈന്യം കൂടാരങ്ങളും ബങ്കറുകളും പൊളിച്ചുമാറ്റുന്നതും കനത്ത ഭാരം ചുമന്ന് പർവതപ്രദേശത്ത് നടക്കുന്നതും വീഡിയോയിൽ കാണാം. തങ്ങളെ കാത്തുകിടക്കുന്ന ട്രക്കുകളിലേക്ക് ധാരാളം ചൈനീസ് സൈനികർ ഒരു കുന്നിൻ മുകളിലൂടെ നടക്കുന്നതും കാണാം. ചൈനീസ് എർത്ത് മൂവറുകൾ ഈ പ്രദേശത്തെ ഭൂമി പഴയപടിയാക്കുകയാണ്. സൈന്യം സ്ഥാപിച്ച സൈനിക ഘടനകൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിച്ച് വരുന്നു. ഹെലിപ്പാഡ് അടക്കമുളളവ ചൈന ഈ ഭാഗത്ത് നിർമ്മിച്ചിരുന്നു. ഇതു കൂടാതെ വലിയ തോക്കുകൾ ഘടിപ്പിക്കാനുളള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയെല്ലാം നീക്കം ചെയ്യുകയാണ്.

china

രണ്ടാഴ്‌ചക്കുളളിൽ പിന്മാറ്റം പൂർത്തിയാക്കി, അടുത്തവട്ട ചർച്ചകളിലേക്ക് നീങ്ങാനാണ് ഇരു സേനകളുടേയും തീരുമാനം. അടുത്തവട്ടം വടക്കൻ ലഡാക്കിലെ മേഖലകളിലുളള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചർച്ചകൾ നടക്കും. ഏകദേശം 18 കിലോമീറ്റർ ഉളളിലേക്കാണ് ഇവിടെ ചില മേഖലകളിൽ ചൈന കടന്നുകയറിയിട്ടുളളത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഇന്ത്യ ഉന്നയിച്ചു വരികയാണ്.