china

ബീജിംഗ്:ഉപ്പുവെളളവും മിനറൽ വാട്ടറും ചേർത്ത് കൊവിഡ് വാക്സിനെന്ന പേരിൽ വിറ്റ് ചൈനീസ് സംഘം തട്ടിയെടുത്തത് കോടികൾ. സംഘത്തലവനായ കോങ് എന്നയാളെ അറസ്റ്റുചെയ്തതോടെയാണ് വൻ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നൂറുകണക്കിന് പേരാണ് ഇവരുടെ വാക്സിൻ കുത്തിവച്ചത്. യഥാർത്ഥ വാക്സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങും സംഘവും വ്യാജ വാക്സിനുകൾ വിപണിയിലെത്തിച്ചത്. അതിനാൽ ഇത് വ്യാജനെ തിരിച്ചറിയാൻ വിഗദ്ധർക്കുപോലും കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇവർ വ്യാജ വാക്സിൻ നിർമാണം ആരംഭിച്ചത്. ഇതിൽ 600 ബാച്ച് വാക്സിനുകൾ നവംബറിൽ ഹോങ്കോങ്ങിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു. അതോടെയാണ് തട്ടിപ്പിന്റെ സാദ്ധ്യത സംഘത്തിന് കൂടുതൽ ബോദ്ധ്യപ്പെട്ടത്. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്സിൻ കടത്തി. തട്ടിപ്പിലൂടെ കോങും സംഘം ഏകദേശം 20 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

വ്യാജ വാക്സിനുകളുമായി ബന്ധപ്പെട്ട് കോങ് ഉൾപ്പെടെ എഴുപതോളം പേരെയാണ് ചൈനയിൽ പിടിയിലായത്. വ്യാജ വാക്സിനുകൾ ആശുപത്രിയിൽ വിറ്റവരും നാട്ടുവൈദ്യന്മാരെ ഉപയോഗിച്ച് ഗ്രാമങ്ങളിൽ കുത്തിവയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചവരും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇതുവരെ നാലു കോടി പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. ഫെബ്രുവരി 12മുമ്പ് 10 കോടി ഡോസ് വാക്സിനുകൾ നൽകാൻ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. പ്രതീക്ഷിച്ചതുപോലെ വാക്സിൻ ഉത്പാദനവും പരീക്ഷണവും നടക്കാത്തതാണ് ഇതിന് പ്രധാന കാരണം.