rape-case

 കൂട്ടുനിന്ന അദ്ധ്യാപകന് ജീവപര്യന്തം

പാട്ന: സ്കൂളിൽ വച്ച് 11 കാരിയെ തുടർച്ചയായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് (രാജ് സിംഗാനിയ -31) പാട്ന സ്പെഷ്യൽ പോസ്കോ കോടതി വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.വിദ്യാർത്ഥിനിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

അരവിന്ദിനൊപ്പം ഗൂഢാലോചന നടത്തിയ സ്‌കൂൾ അദ്ധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും സ്‌പെഷ്യൽ ജഡ്ജി അവദേശ് കുമാർ വിധിച്ചു. അഭിഷേകിന് 50,000 രൂപ പിഴയുമുണ്ട്. ഈ തുകയും വിദ്യാർത്ഥിനിക്ക് ലഭിക്കും.അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പാട്നയിലെ ന്യൂ സെൻട്രൽ പബ്ലിക് സ്‌കൂളിൽ 2018 ജൂലായ്- ആഗസ്റ്റ് മാസങ്ങളിലാണ് പീഡ‌നം നടന്നത്. സ്കൂളിലെ ദിവസവേതനക്കാരന്റെ മകളെയാണ് അരവിന്ദ് പീഡിപ്പിച്ചത്.

അഞ്ചാം ക്ളാസിൽ പഠിക്കുന്ന കുട്ടി ഛ‌ർദ്ദിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. അദ്ധ്യാപകനായ അഭിഷേകാണ് പെൺകുട്ടിയെ ആദ്യം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടത്. രണ്ട് മാസത്തിനിടെ ആറു തവണയെങ്കിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കോടതി അനുമതി പ്രകാരം പെൺകുട്ടിയെ അബോർഷന് വിധേയയാക്കി.കേസിൽ അന്വേഷണ സംഘം ശേഖരിച്ച ഡി.എൻ.എ സാമ്പിൾ ഫൊറൻസിക് പരിശോധനയിലൂടെ ,അരവിന്ദിന്റെ ഡി.എൻ.എയുമായി ഒത്തുപോകുന്നതാണെന്നാണ് കണ്ടെത്തി. സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി കോടതിയിൽബോധിപ്പിച്ചു. പീഡന വിവരം പുറത്തായതോടെ സ്‌കൂളിലെ ക്ലാസുകൾ നിറുത്തിവച്ചിരിക്കുകയാണ്.