
കാൻബെറ: ഓസ്ട്രേലിയൻ പാർലമെന്റിൽ വച്ച് പീഡനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ലിബറൽ പാർട്ടി അംഗവും പാർലമെന്റിലെ മാദ്ധ്യമ വിഭാഗം ജീവനക്കാരിയുമായ 24കാരിയാണ് പരാതി നൽകിയത്. 2019 മാർച്ചിൽ പാർലമെന്റിലെ പ്രതിരോധമന്ത്രിയുടെ ഓഫീസിൽ വച്ച് ലിബറൽ പാർട്ടിയിലെ ഉദ്ധ്യോഗസ്ഥൻ തന്നെ പീഡനത്തിനിരയാക്കിയതെന്നും ഇക്കാര്യം 2019 ഏപ്രിൽ മാസത്തിൽ പൊലീസിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതി രേഖാമൂലം പരാതി നൽകാൻ യുവതി കൂട്ടാക്കിയില്ല. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉറപ്പുനൽകി. ഇതോടൊപ്പം ജോലിസ്ഥലത്തെ പരാതികളെക്കുറിച്ച് പരിശോധിക്കാൻ ക്യാബിനറ്റ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ബലാത്സംഗത്തെക്കുറിച്ച് യുവതി തന്നോട് പരാതിപ്പെട്ടിരുന്നതായി പ്രതിരോധ മന്ത്രി ലിൻഡ റെയ്നോൾഡ്സും വ്യക്തമാക്കി. ഔദ്യോഗികമായി പരാതി നൽകാതിരിക്കാൻ താൻ സമ്മർദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.