
പുതുച്ചേരി: നാല് എം.എൽ.എമാർ രാജിവച്ചതോടെ രാഷ്‌ട്രീയ പ്രതിസന്ധി മൂർച്ഛിച്ച പുതുച്ചേരിയിൽ രാജിവയ്‌ക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്നും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.നാരായണസ്വാമി. വോട്ടെടുപ്പിൽ കേവലഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത് എന്നാണ് സൂചന.
ഇന്ന് കാമരാജ് നഗർ എംഎൽഎ ജോൺ കുമാർ രാജിവച്ചതോടെ നാരായണസ്വാമി സർക്കാരിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 14 ആയി. കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മല്ലാടി കൃഷ്‌ണറാവു, ഇ തീപ്പായ്‌ന്താൻ, എ നമശിവായം എന്നിവരാണ് മുൻപ് നാരായണസ്വാമി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി എംഎൽഎ സ്ഥാനം രാജിവച്ചത്.
രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിൽ വന്ന അഭിപ്രായവ്യത്യാസമാണ് കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. നിലവിൽ പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണുളളത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുതുച്ചേരി സന്ദർശനത്തിന് എത്തുന്നത് നാളെയാണ് ഇതിന് തൊട്ടുമുൻപാണ് നാടകീയമായ സംഭവങ്ങൾ ഇന്നുണ്ടായിരിക്കുന്നത്.