
മുംബയ്: സിനിമ-സീരിയൽ താരം സന്ദീപ് നഹറിനെ (30) മുംബയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അന്തരിച്ച നടൻ സുശാന്ത്സിംഗ് രാജ്പുത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'എം.എസ്. ധോണി: ദ അൺടോൾഡ് സ്‌റ്റോറി, അക്ഷയ് കുമാറിന്റെ കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്.
മുംബയ് സബർബൻ ഗൊരെഗാവിലെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സന്ദീപിനെ ഭാര്യ കാഞ്ചനും സുഹൃത്തുക്കളും ചേർന്ന് എസ്.വി.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സന്ദീപ് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അസംതൃപ്ത ദാമ്പത്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചന നൽകുന്നതാണ് പോസ്റ്റ്. ഇതിനൊപ്പം ചില ബന്ധുക്കളുടെ പേരുകളും ബോളിവുഡിൽ താൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്.
വീഡിയോയ്ക്ക് പിന്നാലെ ഭാര്യയും സുഹൃത്തുക്കളും മുംബയിലെ വസതിയിലെ കിടപ്പുമുറി ബലമായി തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് പൊലീസ് അറിയിച്ചു.