
തപോവൻ: രാജ്യത്തെയൊട്ടാകെ കണ്ണീരിലാഴ്ത്തിയാണ് ഫെബ്രുവരി 7 ന് ചമോലിയിൽ മിന്നൽ പ്രളയമുണ്ടായത്. തുടക്കം മുതലേ കേന്ദ്രസേനയും സംസ്ഥാനവും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയെങ്കിലും കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഓരോ ദിവസം കഴിയുന്തോറും വിരളമായി വരികയാണ്. എന്നാലും ഉറ്റവരേയും ഉടയവരേയും കാത്തിരിക്കുന്നവരുടെ കണ്ണിൽ ഇപ്പോഴും പ്രതീക്ഷയുടെ തെളിച്ചമുണ്ട്. ഇതിനിടയിൽ അപകട സ്ഥലത്ത് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരും കുറവല്ല. തങ്ങളുടെ പുനർജന്മത്തിന് ദൈവത്തോട് നന്ദി പറയുകയാണ് തപൊവനിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന രാജേന്ദ്ര കൈൻതുരയും ഹീരാലാലും.
സംഭവം നടന്ന ദിവസം തന്റെ ട്രക്കിൽ നിന്ന് നിർമ്മാണ സാമഗ്രികൾ ഇറക്കുകയായിരുന്നു രാജേന്ദ്ര. അപ്പോഴാണ് വെള്ളം പൂർവാധികം ശക്തിയോടെ തന്റെ നേർക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്തെങ്കിലും ചെയ്യാനാവുന്നതിന് മുമ്പെ ട്രക്ക് വലിയൊരു തിരയിൽ തട്ടി ഒരു വശത്തേക്ക് തിരിഞ്ഞു. ട്രക്കിനുള്ളിൽ കുടുങ്ങിയ രാജേന്ദ്ര മനസാന്നിദ്ധ്യം കൈ വിടാതെ സർവ ശക്തിയുമുപയോഗിച്ച് ചില്ലു തകർത്ത് പുറത്തുവന്നു. സർവശക്തിയുമെടുത്ത് നീന്തി കരയ്ക്കടിഞ്ഞു. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും പൂർണമായും മോചിതനാകാത്ത രാജേന്ദ്ര തന്റെ ജീവിതം ദൈവത്തിന്റെ ദാനമാണെന്ന് പറഞ്ഞു നിറുത്തി. മറ്റൊരു ഡ്രൈവറായ ഹീര ലാലിനും സമാനമായ അനുഭവമാണുണ്ടായത്. വെള്ളപ്പൊക്കം അടുത്തുവരുന്നത് കണ്ടപ്പോൾ നദീതീരത്തിനടുത്തായിരുന്ന ഹീരാലാൽ അപകടം മുന്നിൽ കാണുകയും സൈറ്റിലുണ്ടായിരുന്ന എൻജിനീയറെ വിവരമറിയിക്കുകയും ചെയ്തു. ഞൊടിയിടയിൽ സർവ ശക്തിയുമുപയോഗിച്ച് എതിർദിശയിലേക്ക് ഓടിയ രണ്ട്പേരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തന്റെ ജീവനൊപ്പം മറ്റൊരാളുടെ ജീവൻ കൂടി രക്ഷിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ടെന്ന് ഹീരാലാൽ പറഞ്ഞു.