
തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തെ പിന്തുണയ്ക്കാനായി ഒരു മുൻ മുഖ്യമന്ത്രി എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്നും കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുകയെന്നും ഇക്കാര്യം അറിയാത്തവരാണോ മുൻ മുഖ്യമന്ത്രിയും മറ്റ് മുൻ മന്ത്രിമാരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിക്കുന്നത്. സമരം ചെയ്യുന്നവർക്ക് ഉദ്യോഗം ലഭിക്കാൻ ആഗ്രഹമുണ്ടാകുമെന്നും അതിൽ അത്ഭുതമില്ലെന്നും എന്നാൽ ആ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉണ്ടാക്കുന്ന കുത്സിത ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും പട്ടികയിലുള്ള എല്ലാവർക്കും നിയമനം നൽകണമെന്ന അവരുടെ ആവശ്യം അസാദ്ധ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികയിലുള്ള എല്ലാവർക്കും നിയമനം നൽകാൻ തസ്തിക സൃഷ്ടിക്കുന്ന രീതി നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരപ്പെടുത്തൽ ഉണ്ടായത് പി എസ് സിക്ക് വിടാത്ത തസ്തികകളിലാണ് നടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയൻ കടന്നാക്രമിച്ചു. നിലവിലെ തസ്തികകളിൽ പോലും ദിവസവേതനക്കാരെ വച്ചത് യുഡിഎഫ് ആണെന്നും 5910 പേരെയാണ്കഴിഞ്ഞ സർക്കാർ സ്ഥിരപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'നിലവിലെ തസ്തികകളിൽ പോലും ദിവസവേതനക്കാരെ വച്ചത് യുഡിഎഫാണ്. രണ്ട് വർഷം ജോലി ചെയ്തവരെ പോലും അവർ സ്ഥിരപ്പെടുത്തി. തസ്തിക വെട്ടിച്ചുരുക്കലും നിയമന നിരോധനവും ശുപാർശ ചെയ്തവരാണ് യുഡിഎഫ്. സിപിഒ റാങ്ക് ലിസ്റ്റ് കുറച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. ഉദ്യോഗാർത്ഥികളുടെ കാലിൽ വീഴേണ്ടത് അദ്ദേഹമാണ്. താനാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് ഉമ്മൻ ചാണ്ടി ഏറ്റുപറയണം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ല. തസ്തിക വെട്ടിച്ചുരുക്കലും നിയമന നിരോധനവും യുഡിഎഫ് ശുപാർശ ചെയ്ത സമയത്ത് കൺവീനറായിരുന്നത് ഉമ്മൻചാണ്ടിയാണ് '-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഏത് കണക്കനുസരിച്ചും മുൻ സർക്കാരിനേക്കാൾ കൂടുതൽ ആണ് ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഇടതുപക്ഷസർക്കാർ കാലത്ത് 4012 റാങ്ക് ലിസ്റ്റുകൾ പി എസ് സി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സർക്കാർ 3113 റാങ്ക് ലിസ്റ്റ് മാത്രമാണ്. പൊലീസിൽ എൽഡിഎഫ് സർക്കാർ കാലത്ത് 13825 നിയമനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ കാലയളവിൽ 4791 നിയമനങ്ങളാണ് നടന്നത്. എൽഡി ക്ലര്‍ക്കിൽ 19120 നിയമനം നടന്നു. മുൻ സർക്കാർ കാലത്ത് 17,711 നിയമനം മാത്രം. എല്ലാവര്‍ക്കും അവസരം നൽകി. മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവുകൾ സമയബന്ധിതമായി നികത്തി, കൊവിഡ് അടക്കമുള്ള സാഹചര്യങ്ങൾ മറികടന്നാണ് മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,57,909 നിയമന ശുപാർശ നൽകി. 27,000 സ്ഥിരം തസ്തിക അടക്കം 44,000 തസ്തിക ഉണ്ടാക്കി. മുൻ സർക്കാരിനേക്കാൾ ഏത് കണക്കിലും കൂടുതൽ നിയമനങ്ങളാണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികൾക്ക് നൽകി. റാങ്ക് ലിസ്റ്റ് നീട്ടൽ പുതിയ തലമുറയ്ക്ക് അവസരം നിഷേധിക്കലാണ്. കക്ഷിരാഷ്ട്രീയത്തിൽ കുരുങ്ങി ഉദ്യോഗാർത്ഥികൾ അപകടകരമായ അവസ്ഥയിലേക്ക് പോകരുതെന്നും നിയതമായ മാർഗത്തിലൂടെ മാത്രമേ തൊഴിൽ തരാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അർഹത ഉണ്ടെങ്കിലേ തൊഴിൽ കിട്ടൂ. മുഖ്യമന്ത്രി പറഞ്ഞു.