navalni

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനിക്ക് 950,​000 റൂബിൾ (13,​000 ഡോളർ) ​പിഴ ചുമത്തണമെന്ന് റഷ്യൻ പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ടു. നിലവിൽ പരോൾനിയമം ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് മാസമായി ജയിലിൽ കഴിയുകയാണ് നവാൽനി. എന്നാൽ പാശ്ചാത്യർ നടപടിക്കെതിരെ അപലപിക്കുകയും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഭരണഘടനാ പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്ന ഒരു പ്രൊമോഷണൽ വീഡിയോയിൽ രണ്ടാംലോകമഹായുദ്ധ സേനാനിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ വിഭാഗം പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം,​ തന്റെ അഭിപ്രായം മറ്റുള്ളവർ തെറ്റായി കണ്ടെന്നും തന്റെ പ്രശസ്തി ഇല്ലാതാക്കാൻ അധികൃതർ ഈ ആരോപണം ഉന്നയിക്കുന്നതെന്നും നവാൽനി പറഞ്ഞു. ഒപ്പം തന്റെ അവസാനവാദത്തിൽ കേസിനെ നിയമപരമായ അസംബന്ധമെന്നാണ് ഉപയോഗിച്ചത്. എന്നാൽ ജയിൽ ശിക്ഷയ്ക്കെതിരെ നവാൽനി ആപ്പീൽ നൽകേണ്ട അതേ ദിവസം തന്നെ പിഴയുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജി അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ വിമാനയാത്രയ്‍ക്കിടെ ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. ഗുരുതരാവസ്ഥയിലായ നവാൽനി മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ജർമ്മനിയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കസ്റ്റഡിയിലായത്. അവിടെ നിന്നും വിമാനത്തിൽ മോസ്കോയിലെ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പൊലീസുകാർ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.