cm-pinarayi-vijayan

തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിനായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ സംഭാവന നൽകിയ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം വളരെ നേർത്ത് വരികയാണെന്നുള്ളതാണ് കോൺഗ്രസിന്റെ പരിമിതിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിന് മുമ്പുതന്നെ കോൺഗ്രസുകാർ ബിജെപിയിൽ ചേരുകയാണെന്ന് പോണ്ടിച്ചേരിയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണത രാജ്യത്താകെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ ഏറ്റവും വലിയ സംരക്ഷണം എന്നത് വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുക എന്നതാണ്. നമ്മുടെ രാജ്യത്ത് ഏതെങ്കിലും വിഷയത്തിൽ വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ. അതുമായി സമരസപ്പെട്ട് പോകാനാണ് അവർക്ക് താത്പര്യമെന്നും അദ്ദേഹം വിമർശിച്ചു.

ഈ വിഭാഗത്തിൽ നിന്നുമുള്ള വോട്ട് തങ്ങൾക്ക് നഷ്ടമാകുമോ എന്ന ചിന്തയുണ്ട്. ഇരുപാർട്ടികളും തമ്മിൽ നയപരമായ വ്യത്യാസമില്ല എന്ന് വരുമ്പോൾ കോൺഗ്രസുകാരെ ആകർഷിക്കാൻ എളുപ്പമായി വരികയാണെന്നും അതിന്റെ ഗുണഫലം അവർ അനുഭവിച്ചുപോരുകയാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ കേരളത്തിൽ ഇടതുപക്ഷം ശക്തമായതുകൊണ്ട് ആ സ്ഥിതി ഉണ്ടാകുന്നില്ല. മതനിരപേക്ഷതയോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ അൽപ്പം സ്വാധീനം ഇവിടെയുള്ളവരിലും കാണും. മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് ദേശീയ നേതാവ് ദിഗ്‌വിജയ് സിംഗ് ചെയ്ത കാര്യം ഇവിടുത്തെ കോൺഗ്രസ് എംഎൽഎ ചെയ്യുകയാണെന്നും അതിനെ ന്യായീകരിക്കാൻ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ മുതിർന്ന നേതാക്കളെ ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു. ഇത് അപകടകരമായ നിലപാടാണെന്നും ആർഎസ്എസ് ഉയർത്തുന്ന കാര്യത്തിന് അംഗീകാരം കൊടുക്കുകയാണ് ഇതിലൂടെ തങ്ങൾ ചെയ്യുന്നതെന്നും കോൺഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നു. ഇത്തരക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളെ സംബന്ധിച്ച് ഒരു ആശങ്കയുമില്ലെന്നും വർഗീയതയ്‌ക്കെതിരെ ശക്തമായി തന്നെ ഇടതുപക്ഷം തുടരുമെന്നും അതിരൂക്ഷമായി തന്നെ അതിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മാണി സി കാപ്പൻ മുന്നണി വിട്ടുപോയ കാര്യത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. എൽഡിഎഫിനോട് മാത്രമല്ല തന്നെ തിരഞ്ഞെടുത്ത ജനങ്ങളോട് കൂടിയാണ് മാണി സി കാപ്പൻ വഞ്ചന കാട്ടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പൻ ഇടതുപക്ഷം വിട്ടുപോയതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അദ്ദേഹത്തിന്റെ ഒരു മോഹം നടന്നതായല്ലേ കാണുന്നത്' എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കാപ്പനെ സഹായിച്ച എൽഡിഎഫിനെയും നാട്ടുകാരെയും കാണാതെയുള്ള നിലപാടാണ് കാപ്പൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി കാപ്പൻ കാണിച്ച വഞ്ചനയ്ക്ക് ജനങ്ങൾ തന്നെ കൃത്യമായ മറുപടി നൽകുമെന്നാണ് താൻ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.