
ബെർലിൻ: വീടുകളിൽ വിവിധയിനം മൃഗങ്ങളെ ഇണക്കിവളർത്തുന്നത് സാധാരണയാണ്. എന്നാൽ അത് വിഷമുള്ള പാമ്പിനെയാണെങ്കിൽ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെറുതും ഉഗ്രവിഷമുള്ളതുമായ സൗത്ത് ആഫ്രക്കൻ കോറൽ സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പ് ഉടമസ്ഥന്റെ കൂട്ടിൽ നിന്നും പുറത്തിറങ്ങി. ആറുമാസം മാത്രം പ്രായമുള്ള പാമ്പ് കൂട്ടിൽ നിന്നും പുറത്തിറങ്ങിയ വിവരം ഉടമ മനസിലാക്കുന്നത് പുലർച്ചെയാണ്. കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ ഉടമ അഗ്നിശമന സേനയെ വിവരം അറിയിച്ചു. കടിച്ചാൽ ഉടൻ മരണം വരെ സംഭവിക്കാവുന്ന ഉഗ്രവിഷമുള്ള പാമ്പാണ് കാണാതായാത്. അതുകൊണ്ടുതന്നെ അപകടം ഒഴിവാക്കാൻ തൊട്ടടുത്ത പത്തോളം അപ്പാർട്ടുമെന്റുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചാണ് അഗ്നിശമന സേന പാമ്പിനെ തെരച്ചിൽ നടത്തിയത്. ആളുകളെ ഒഴിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ എല്ലായിടത്തും പരിശോധിക്കുകയായിരുന്നു. കെട്ടിടത്തിൽ നിന്നും പാമ്പ് പുറത്ത് കടന്നിരിക്കാനും സാധ്യതയുണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ഉദ്യോഗസ്ഥർ പാമ്പിനെ കണ്ടെത്തിയത്. ഭക്ഷ്യ വസ്തുക്കൾ വെച്ചുള്ള കുടുക്കിൽ അകപ്പെട്ട നിലയിലാണ് പാമ്പിനെ കണ്ടെത്തുന്നത്. പാമ്പിനെ പിടികൂടി പഴയ കൂട്ടിൽ തന്നെ ഇട്ടതിന് ശേഷമാണ് അപാർട്മെന്റുകളിലേക്ക് താമസക്കാരെ തിരികെ പ്രവേശിപ്പിച്ചത്. സംഭവം ചിത്രങ്ങൾ സഹിതം അഗ്നിശമന സേന ഫേസ്ബുക്ക് പേജിലൂടെ വിവരിച്ചിട്ടുണ്ട്.